മുംബൈ: വനിതാ ക്രിക്കറ്റിലെ വിപ്ലവകരമായ പ്രഖ്യാപനത്തിന് ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്‍ മാതൃകയില്‍ വനിതാ ക്രിക്കറ്റിലും ട്വന്റി-20 ലീഗ് തുടങ്ങാന്‍ ബിസിസിഐ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മുന്നേറ്റവും പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണയും കണക്കിലെടുത്താണ് ബിസിസിഐ വനിതകള്‍ക്കായി ട്വന്റി-20 ലീഗ് ആരംഭിക്കാനൊരുങ്ങുന്നത്.
ഐപിഎല്‍ മാതൃകയില്‍ വനിതകള്‍ക്കായി ട്വന്റി-20 ലീഗ് ആരംഭിക്കുന്ന കാര്യം പ്രാരംഭ ചര്‍ച്ചയിലാണെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും മുന്‍ ഇന്ത്യന്‍ നായികയുമായ ഡയാന എഡുല്‍ജി പറഞ്ഞു. അഞ്ച് ടീമുകളെ ഉള്‍പ്പെടുത്തി ലീഗ് നടത്തുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വനിതകള്‍ക്കായി ബിഗ് ബാഷ് ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളായ മന്‍പ്രീത് കൗറും സ്മൃതി മന്ദനയും ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നുണ്ട്. ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തിയ മുന്നേറ്റവും സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഹര്‍മന്‍പ്രീത് കൗര്‍ നേടിയ സെഞ്ചുറിയും വനിതാ താരങ്ങള്‍ക്ക് പുരുഷതാരങ്ങള്‍ക്ക് തുല്യമായ പ്രശസ്തിയാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പരമാവധി മുതലെടുക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
