മുംബൈ: ഇന്ത്യന്‍ കോച്ച് രവിശാസ്‌ത്രിയുടെ വാര്‍ഷിക ശമ്പളം 8 കോടി രൂപയായി ബിസിസിഐ നിശ്ചിയിച്ചു. മുന്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ ശമ്പളത്തെക്കാള്‍ കൂടുതലാണിത്. ആറരക്കോടി രൂപയായിരുന്നു അനില്‍ കുംബ്ലെയുടെ വാര്‍ഷിക ശമ്പളം. കുംബ്ലെ രാജിവെക്കുന്നതിന് മുന്നെ ടീംമംഗങ്ങളുടേയും പരിശീലകരുടേയും ശമ്പളം ഉയര്‍ത്തണെന്ന് ആവശ്യപ്പെട്ടിരുന്നു.

അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് 2.3 കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും. ഐപിഎല്‍ ടീമുകളുമായി സഹകരിക്കാന്‍ കഴിയാത്തതിനാല്‍ ഇതുകൂടി പരിഹരിക്കുന്ന രീതിയിലുള്ള ശമ്പള വര്‍ധനയാണ് ഇവര്‍ മൂന്നുപേര്‍ക്കും ബിസിസിഐ നല്‍കിയിരിക്കുന്നത്.

സഹീര്‍ ഖാനെയും രാഹുല്‍ ദ്രാവിഡിനെയും ബൗളിംഗ്-ബാറ്റിംഗ് പരിശീലകരാക്കണമെന്ന സച്ചിന്‍-ഗാംഗുലി-ലക്ഷ്മണ്‍ ത്രിമൂര്‍ത്തികളുടെ നിര്‍ദേശം തള്ളിക്കളഞ്ഞാണ് ശാസ്‌ത്രിയുടെ ആവശ്യപ്രകാരം ഭരത് അരുണിനെയും ശ്രീധറിനെയും ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുകളാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.