ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെങ്കില്‍ ബി സി സി ഐ ഭരണസമിതി തന്നെ പിരിച്ചുവിടുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബി സി സി ഐയുടെ അടിയന്തിര യോഗം ദില്ലിയില്‍ ചേര്‍ന്നത്. ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ബി സി സി ഐയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ തകിടംമറിക്കുമെന്ന യോഗത്തില്‍ എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുംബയ് യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. ബി സി സി ഐ യോഗത്തിലെ തീരുമാനം തിങ്കളാഴ്ച അദ്ധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ സത്യവാംങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത ബി സി സി ഐ ഭരണസമിതി പിരിച്ചുവിടണമെന്നാണ് ജസ്റ്റിസ് ലോധ സമിതി ആവശ്യപ്പെടുന്നത്. കോടതി ഉത്തരവ് അംഗീകരിച്ചില്ലെങ്കില്‍ ബി സി സി ഐയെ വരച്ച വരയില്‍ നിര്‍ത്താന്‍ അറിയാമെന്ന താക്കീത് ചീഫ് ജസ്റ്റിസ് കോടതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിയമപരവും പ്രായോഗികവുമായ തടസ്സങ്ങള്‍ ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് യോഗത്തിന് ശേഷം ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം നടപ്പാക്കാകില്ലെന്ന നിലപാടില്‍ ബി സി സി ഐ ഉറച്ചുനില്‍ക്കുന്ന സാചര്യത്തില്‍ കടുത്ത ഇടപെടല്‍ ബി സി സി ഐയ്‌ക്കുമേല്‍ സുപ്രീംകോടതിയില്‍ ഉണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല.