മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രതിഫലം ബിസിസിഐ ഉയര്‍ത്തുമെന്ന് സൂചന. ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് തത്തുല്യമായി പ്രതിഫലം ഉയര്‍ത്തണമെന്ന താരങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ബിസിസിഐ നടപടി. ഇതനുസരിച്ച് എ ഗ്രേഡില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്ക് വാര്‍ഷിക പ്രതിഫലമായി 12 കോടി രൂപ വീതം ലഭിക്കും. 

നായകന്‍ വിരാട് കോലിയുടെ പ്രതിഫലം ഇതിലും കൂടുതലായിരിക്കും. ബി ഗ്രേഡ് കളിക്കാര്‍ക്ക് എട്ട് കോടിയും സി ഗ്രേഡ് കളിക്കാര്‍ക്ക് നാല് കോടി രൂപയുമാവും പ്രതിഫലം. നിലവില്‍ എ ഗ്രേഡിന് രണ്ട് കോടിയും ബി ഗ്രേഡിന് ഒരു കോടിയും സി ഗ്രേഡിന് അന്‍പത് ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം. പ്രതിഫല വര്‍ദ്ധനവ് ആവശ്യപ്പെട്ട് കോലിയും ധോണിയും ബിസിസിഐ ഭരണസമിതി തലവന്‍ വിനോദ് റായിയെ കണ്ടിരുന്നു.