മനാമ: ബഹ്‌റൈനിലെ ക്രിക്കറ്റ് പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇര്‍ഫാന്‍ പത്താന് വിലക്ക്. ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെസ്റ്റ്വലിന്‍റെ ഭാഗമായി സംഘടിപ്പിച്ച ടി20 പ്രദര്‍ശന മത്സരം കളിക്കാന്‍ ഇര്‍ഫാന്‍ ബഹ്‌റൈനില്‍ എത്തിയെങ്കിലും അവസാന നിമിഷം ബിസിസിഐ ഇര്‍ഫാന് എന്‍ഒസി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
ഇതോടെ ഇര്‍ഫാന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം വെറും വാര്‍ത്ത സമ്മേളനം മാത്രമായി ഒതുങ്ങി. ഇര്‍ഫാന്‍ നയിക്കുന്ന ഇര്‍ഫാന്‍ ഫാല്‍ക്കന്‍സും പാക് താരം മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന മിസ്ബാഹ് ഈഗിള്‍സുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഇര്‍ഫാന് എന്‍ഒസി നിഷേധിക്കാനുളള കാരണം എന്തെന്ന് ബിസിസിഐ വ്യക്തമാക്കിയില്ല.
ഇതാദ്യമായല്ല ഒരു ഇന്ത്യന്‍ താരത്തിന് പുറത്തെ ടി20 ലീഗ് കളിക്കാന്‍ ബിസിസിഐ എന്‍ഒസി നിഷേധിക്കുന്നത്. ഫെബ്രുവരിയില്‍ ഇര്‍ഫാന്റെ സഹോദരന്‍ യൂസഫ് പത്താന് ഹോംങ്കോഗ് ടി20 ലീഗില്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കിയിരുന്നു.
2012ലായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ടി20യും ഏകദിനവും കളിച്ചത്. തന്റെ അവസാന ഏകദിന പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇര്‍ഫാന്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയില്ല.
ഇര്‍ഫാന്റെ അഭാവത്തില്‍ വെസ്റ്റിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സാണ് ഇര്‍ഫാന്‍ ഫാല്‍ക്കണ്‍സിനെ നയിച്ചത്. ബഹ്‌റൈന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇര്‍ഫാന്‍ ഫാല്‍ക്കണ്‍ 65 റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത മിസ്ബാഹ് ഈഗിള്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 244 റണ്‍സെടുത്തു. മിസ്ബാഹ് 38 പന്തില്‍ 121 റണ്‍സും അഫ്രീദി 49 പന്തില്‍ 79 റണ്‍സും എടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഫാല്‍ക്കണ്‍സിന് 175 റണ്‍സെടുക്കാനെ സാധിച്ചുളളു. സാമുവല്‍സ് 33 പന്തില്‍ 72ഉം അഷ്‌റഫ് മുഹമ്മദ് 36 പന്തില്‍ 44 റണ്‍സും എടുത്തു.
