ദില്ലി: ഇന്ത്യയിലെ ഫുട്സാല്‍ ആവേശത്തിന് കൊഴുപ്പ് കൂട്ടാന്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് ബെക്കാമും ബ്രസീലിയന്‍ സൂപ്പര്‍ താരം കക്കയും വരുന്നു. ഇരുവരുമായുളള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ചര്‍ച്ചകളില്‍ ആവേശകരമായ പുരോഗതിയുണ്ടെന്നും സാമ്പത്തിക നേട്ടത്തേക്കാള്‍, ഫുട്സാലിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിനാണ്
താരങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും പ്രിമിയര്‍ ഫുട്സാല്‍ മാനേജ്മെന്റ് അറിയിച്ചു.

കഴിഞ്ഞ സീസണില്‍ റൊണാള്‍ഡീ‍ഞ്ഞോ, റയാന്‍ ഗിഗ്സ്, പോള്‍ സ്കോള്‍സ്, ഫാല്‍ക്കാവോ, ഹെര്‍മന്‍ ക്രെസ്‌പോ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഫുട്സാലിനായി ഇന്ത്യയില്‍ എത്തിയരുന്നു. കഴി‍ഞ്ഞ തവണ ചെന്നൈയിലും ഗോവയിലുമായാണ് മത്സരങ്ങള്‍ നടന്നതെങ്കില്‍ വരുന്ന സീസണില്‍ കൊച്ചി, ബംഗലുരു കൊല്‍ക്കത്ത മുംബൈ എന്നിവയാകും വേദികള്‍.

ടീമുകളുടെ എണ്ണവും ആറില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ത്തും. അടുത്ത വര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയിലാകും ഫുട്സാല്‍ സംഘടിപ്പിക്കുക.ഒരു വര്‍ഷം രണ്ടുതവണ ലീഗ് സംഘടിപ്പിക്കാനും ആലോചയുണ്ട്. കളിയുടെ വേഗം കൂട്ടി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഫുട്സാല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനും തീരുമാനമായി.