അവസാന അഞ്ച് പന്തില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ട ഘട്ടത്തില്‍ റണ്ണിനായി ഓടാതിരുന്ന കാര്‍ത്തിക്ക് സ്‌ട്രൈക്ക് നിലനിര്‍ത്തുകയായിരുന്നു. ഇതാണ് വമിര്‍ശനങ്ങള്‍ക്കിടയാക്കിയത്.
മുംബൈ: ന്യൂസീലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ടി20യില്‍ തലനാരിഴയ്‌ക്കാണ് ഇന്ത്യ ജയവും പരമ്പരയും കൈവിട്ടത്. അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക് സിക്‌സര്‍ പറത്തിയെങ്കിലും നാല് റണ്‍സകലെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. അവസാന അഞ്ച് പന്തില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ട ഘട്ടത്തില്‍ റണ്ണിനായി ഓടാതിരുന്ന കാര്‍ത്തിക്കിന് ഇതോടെ വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.
എന്നാല്‍ ഒരു സിക്‌സര്‍ പറത്താന്‍ കഴിയുമെന്നായിരുന്നു ഈ സമയം തന്‍റെ വിശ്വാസം എന്നായിരുന്നു കാര്‍ത്തിക്കിന്‍റെ പ്രതികരണം. ക്രുണാല്‍ പാണ്ഡ്യ നന്നായി ബാറ്റ് ചെയ്തു. തകര്‍ച്ചയില്‍ നിന്ന് കിവീസ് ബൗളര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കുന്ന ഘട്ടത്തിലേക്ക് മത്സരമെത്തിച്ചു. സിംഗിള്‍ എടുക്കാതിരുന്നപ്പോള്‍ ഒരു സിക്‌സടിക്കാന്‍ കഴിയുമെന്നായിരുന്നു വിശ്വസമെന്നും കാര്‍ത്തിക് പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി ബാറ്റിങ് ആറിന് 208 എന്ന നിലയില്‍ അവസാനിച്ചു. കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ ഒടുവില്‍ പരാജയം സമ്മതിക്കുകയായിരുന്നു. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 145 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. ജയിക്കാന്‍ അവസാന 28 പന്തില്‍ 68 റണ്‍സ്. എന്നാല്‍ കാര്‍ത്തിക്കും ക്രുനാലും ചേര്‍ന്ന് 28 പന്തില്‍ 63 റണ്‍സെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു.
