ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിനെയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇരുവരെയും സെലക്ഷനായി പരിഗണിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.
നൈറ്റ് ക്ലബ്ബിന് പുറത്ത് വഴിയാത്രക്കാരനുമായി സ്റ്റോക്സും ഹെയ്ല്‍സും തല്ലുണ്ടാക്കുന്നതിന്റെയും സ്റ്റോക്സ് മര്‍ദ്ദിക്കുന്നിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നേരത്തെ സ്റ്റോക്സിനെ ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി അറിഞ്ഞശേഷമെ സ്റ്റോക്സിന് ആഷസില്‍ കളിക്കാനാകുമോ എന്ന് വ്യക്തമാവൂ. സംഭവം ഉണ്ടായതിന് പിന്നാലെ വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ ആഷസ് പരമ്പരയ്ക്കിറങ്ങുന്ന ഇംഗ്ലണ്ട് ടീമിന് മികച്ച ഫോമിലുള്ള ബെന്‍ സ്റ്റോക്സിന്റെ അസാന്നിധ്യം വലിയ തിരിച്ചടിയാണ്.
