ബംഗളൂരു: ഐഎസ്എ‌ല്ലിലെ സൂപ്പര്‍ സണ്‍ഡേയില്‍ ഗോളടി മേളം. ആദ്യ മത്സരത്തില്‍ പൂനെ കൊല്‍ക്കത്തയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ് സി ഡല്‍ഹി ഡൈനാമോസിനെ ഇതേ സ്കോറിന് കീഴടക്കി. തുടര്‍ച്ചായയ രണ്ടാം ജയത്തോടെ ബംഗളൂരു പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

ഓസ്ട്രേലിയൻ താരം എറിക് പാർട്ടലു ഇരട്ടഗോൾ നേടിയ മൽസരത്തിൽ ലെനി റോഡ്രിഗസ്, വെനസ്വേല താരം മിക്കു എന്നിവരാണ് ബംഗളൂരുവിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. ഡൽഹിയുടെ ആശ്വാസ ഗോൾ പെനൽറ്റിയിലൂടെ കാലു ഉച്ചെ (86) നേടി.

ആദ്യ മൽസരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബംഗളൂരു തോൽപ്പിച്ചിരുന്നു. ആദ്യ മത്സരം ജയിച്ച ഡല്‍ഹിക്ക് പക്ഷെ ബംഗളൂരുവിന്റെ കരുത്തിന് മുന്നില്‍ അടിതെറ്റി. തോല്‍വിയോടെ രണ്ട് മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുള്ള ഡല്‍ഹി ആറാം സ്ഥാനത്തേക്ക് പതിച്ചു.