ജമ്മു: ഐ ലീഗ് ക്ലബ് റിയല്‍ കാശ്മീരിന് ആശ്വാസമേകുന്ന തീരുമാനവുമായി ബംഗളൂരു എഫ്‌സി. പുല്‍വാമ അക്രമണത്തോടെ ഐ ലീഗ് ഫുട്‌ബോള്‍ ക്ലബുകള്‍ കശ്മീരില്‍ കളിക്കുന്നതിനോട് എതിര്‍പ്പ് കാണിക്കുന്നതിനിടെയാണ് കശ്മീരില്‍ കളിക്കാമെന്ന് ബംഗളൂരു എഫ്‌സി ഉറപ്പ് നല്‍കിയത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മിനര്‍വ പഞ്ചാബ് കശ്മീരില്‍ കളിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റു ഐ ലീഗ് ക്ലബുകളും കശ്മീരില്‍ കളിക്കാന്‍ കഴിയില്ലെന്ന് എഐഎഫ്എഫിനെ അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. 

ഈ സാഹചര്യത്തിലാണ് ബംഗളൂരു എപ് കശ്മീരില്‍ കളിക്കാമെന്നേറ്റത്. ട്വിറ്ററിലൂടെയാണ് ടീമിന്റെ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ കശ്മീരില്‍ കളിക്കാമെന്നേറ്റത്. റിയല്‍ കാശ്മീരിനെതിരെ ശ്രീനഗറില്‍ ഒരു പ്രദര്‍ശന മത്സരം കളിക്കാന്‍ ബംഗളൂരു എഫ്‌സിക്ക് താല്‍പര്യമുണ്ടെന്ന് ടീമിന്റെ ഉടമ ജിന്‍ഡാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റിന് നന്ദി അറിയിക്കുക മാത്രമല്ല, മാര്‍ച്ചില്‍ മത്സരം നടത്താന്‍ തയ്യാറാണെന്ന് റിയല്‍ കശ്മീര്‍ സമ്മതവും മൂളി. 

കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്നോ, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നോ സുരക്ഷ നല്‍കാമെന്ന് എഴുതി നല്‍കിയാല്‍ മാത്രമേ തങ്ങള്‍ കശ്മീരില്‍ കളിക്കാനിറങ്ങൂ എന്നായിരുന്നു മിനര്‍വ പഞ്ചാബിന്റെ നിലപാട്. ഇത് നടക്കാതിരുന്നതോടെ റിയല്‍ കാശ്മീരുമായി നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് മിനര്‍വ പിന്മാറുകയായിരുന്നു.