ഇന്നു ജയിച്ചാല്‍ ബംഗളുരു എഫ് സിക്ക് സമ്മാനമായി ലഭിക്കുക 6.68 കോടി രൂപയായിരിക്കും. റണ്ണേഴ്‌സ് അപ്പായാല്‍ 3.33 കോടി രൂപയാകും ലഭിക്കുക. എ എഫ് സി കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിന് യോഗ്യത നേടിയ ടീമാണ് ബംഗളുരു എഫ് സി. ക്ലബ് രൂപീകരിച്ച് നാലു വര്‍ഷം പോലും തികയുന്നതിന് മുമ്പാണ് ബംഗളുരു എഫ് സിയുടെ ഈ നേട്ടം. ഐ ലീഗില്‍ രണ്ടു തവണയും ഫെഡറേഷന്‍ കപ്പില്‍ ഒരു തവണയും ചാംപ്യന്‍മാരായിട്ടുള്ള ടീമാണ് സുനില്‍ ഛേത്രി നയിക്കുന്ന ബംഗളുരു എഫ് സി.
എ എഫ് സി കപ്പിലെ നിലവിലെ ജേതാക്കളായ ജോഹര്‍ ദാരുല്‍ താസിം എഫ് സിയെ 4-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ബംഗളുരു എഫ് സി കലാശപ്പോരിന് അര്‍ഹത നേടിയത്. ഇപ്പോള്‍ എ എഫ് സി കപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന നേട്ടത്തിനായി കാത്തിരിക്കുകയാണ് ഛേത്രിയും കൂട്ടരും.
ഇതിന് മുമ്പ് എ എഫ് സി കപ്പിന്റെ സെമി വരെ മാത്രമെ ഇന്ത്യന്‍ ക്ലബുകള്‍ക്ക് സാധിച്ചിട്ടുള്ളു. 2013ല്‍ ഡെംപോയും ഇസ്റ്റ് ബംഗാളുമാണ് ഈ നേട്ടം കൈവരിച്ചത്.
