ദില്ലി: അണ്ടര്‍ 17ലോകകപ്പ് ഫുടബോളിന്റെ സ്വാധീനം ഇന്ത്യയില്‍ പ്രകടമായി തുടങ്ങിയെന്ന് മുന്‍ നായകന്‍ ബൈച്ചൂങ് ബൂട്ടിയ. ഇക്കാലയളവില്‍ മാത്രം‍ നൂറിലധികം ഫുടബോള്‍ അക്കാദമികളും ക്ലബ്ബുകളുമാണ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയത്. അണ്ടര്‍ 17 ലോകകപ്പിനുള്ള സംഘാടനം പൂര്‍ണ്ണ വിജയമെന്നും ബൂട്ടിയ പറഞ്ഞു.

അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് വ്യക്തമായതിന് പിന്നാലെ മാത്രം നൂറ് ഫുടബോള്‍ അക്കാദമികളും 50ലധികം ക്ലബ്ബുകളും ഫെഡറേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് പല അക്കാദമികളും പ്രവര്‍ത്തനം സുസജ്ജമാക്കി. അടിസ്ഥാന തലങ്ങളിലെ ഫുടബോള്‍ വികസനത്തിന് ഊര്‍ജ്ജം പകരാന്‍ അണ്ടര്‍ 17ലോകകപ്പ് ഫുടബോളിന് വേദിയൊരിക്കിയതിലൂടെ ഇന്ത്യയ്ക്ക് സ്വാധീച്ചുവെന്നാണ് മുന്‍ നായകന്‍ ബൈച്ചൂങ് ബൂട്ടിയയുടെ വിലയിരുത്തല്‍. ആദ്യമായി ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുമ്പോഴും സംഘാടനം പൂര്‍ണ്ണ വിജയമാണെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു. അമേരിക്കയും ഘാനയും കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് എ ഇന്ത്യയക്ക് കഠിനമെങ്കിലും വിജയം അസാധ്യമല്ലെന്ന് നൂറിലധികം കളികളില്‍ ഇന്ത്യക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം കൂട്ടിചേര്‍ത്തു. നേരത്തെ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് നിക്കോളാസ് ആദമിന് പകരം ലൂയിസ് നോടര്‍ട്ടനെ് പുതിയ കോച്ചായി നിയമിച്ച കമ്മിറ്റി അംഗം കൂടിയാണ് ബൂട്ടിയ. ഫുടബോളില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന ബംഗ്ലൂരുവിലെ ബൈച്ചൂങ് ബൂട്ടിയ ഫുടബോള്‍ സ്കൂളിനടക്കം പ്രചോദനം വര്‍ധിച്ചുവെന്നും മുന്‍ നായകന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് അവസരം അകലെയല്ലന്ന് കാര്‍ലോസ് വാല്‍ഡ്രാമ്മ അടക്കമുള്ള മുന്‍ ലോക താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുടബോള്‍ രാജ്യത്തിന്റെ ഗെയിം ചെയ്ഞ്ചര്‍ തന്നെയെന്ന് മുന്‍ നായകന്‍ വ്യക്തമാക്കിയത്.