വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്‍റെ ജയം സമ്മാനിച്ചത് പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ തകര്‍പ്പന്‍ ബൗളിംഗ്. മുന്‍നിരയും മധ്യനിരയും ഭുവിക്ക് മുന്നില്‍ വീണപ്പോള്‍ നാല് ഓവറില്‍ 24 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് തെറിച്ചത്. ഭുവി മടക്കിയ ബാറ്റ്സ്മാന്‍മാരെല്ലാം ദക്ഷിണാഫ്രിക്കന്‍ നിരയിലെ പ്രഹര ശേഷിയുള്ള താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയുയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്കയുടെ തലയരിഞ്ഞാണ് ഭൂവി തുടങ്ങിയത്. ഓപ്പണര്‍ ജെ.ജെ സ്മട്ടും(14), നായകന്‍ ജെ പി ഡുമിനിയും(3) ഭുവിക്ക് മുന്നില്‍ വീണപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ രണ്ട് വിക്കറ്റിന് 38 റണ്‍സ്. എന്നാല്‍ മൂന്നാം വിക്കറ്റായിരുന്നു ഭുവിയുടെ ബൗളിംഗ് മൂര്‍ച്ച തെളിയിച്ചത്. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ റീസാ റീസ ഹെന്‍ഡ്രിക്‌സ് തകര്‍ത്തടിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജന്‍മം നല്‍കി. 

ഹെന്‍ഡ്രിക്‌സ് 50 പന്തില്‍ 70 റണ്‍സെടുത്ത് നിന്ന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഹെന്‍ഡ്രിക്‌സിനെ റെയ്നയുടെ കൈകളിലെത്തിച്ച് ഭുവി മത്സരം ഇന്ത്യയുടെ പക്ഷത്താക്കി. പിന്നാലെ അതേ ഓവറില്‍ കൂറ്റനടിക്കാരായ ക്ലാസനും(16) റണ്ണൊന്നുമെടുക്കാതെ മോറിസും മടങ്ങിയപ്പോള്‍ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.