സിഡ്‌നി: ബിഗ്ബാഷ് ടി20യില്‍ ആവേശ ഫൈനലില്‍ ഹൊബാര്‍ട്ട് ഹാരികെയ്ന്‍സിനെ 25 റണ്‍സിന് പരാജയപ്പെടുത്തി അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് കിരീടം. ഓപ്പണര്‍ ജെയ്ക്ക് വെതറാള്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ടിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഡ്‌ലെയ്ഡിന് ഓപ്പണര്‍ അലക്സ് കാരേയെ തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ 70 പന്തില്‍ എട്ട് കൂറ്റന്‍ സിക്സറുകള്‍ ഉള്‍പ്പെടെ 115 റണ്‍സെടുത്ത വെതറാള്‍ഡ് ടീമിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു. നായകന്‍ ട്രാവിസ് ഹെഡ് പുറത്താവാതെ 44 റണ്‍സെടുത്ത് വെതറാള്‍ഡിന് ഉറച്ച പിന്തുണ നല്‍കി. ഹൊബാര്‍ട്ടിന് വേണ്ടി പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും ഡാനിയേല്‍ ക്രിസ്റ്റ്യനും ഓരോ വിക്കറ്റുകള്‍ നേടി. 

മറുപടി ബാറ്റിംഗില്‍ 46 റണ്‍സെടുത്ത ജോര്‍ജ്ജ് ബെയ്‌ലിക്കും 68 റണ്‍സെടുത്ത ഷോര്‍ട്ടിനും 29 റണ്‍സെടുത്ത ക്രിസ്റ്റ്യനും മാത്രമാണ് ഹൊബാര്‍ട്ട് നിരയില്‍ തിളങ്ങാനായത്. അഡ്‌ലെയ്ഡിന് വേണ്ടി പേസര്‍ പീറ്റര്‍ സിഡില്‍ മൂന്നും നായകന്‍ ട്രവിസ് ഹെഡ് ഒരു വിക്കറ്റും വീഴ്ത്തി. മധ്യനിര കാര്യമായ പ്രതിരോധം പുറത്തെടുക്കാതെ വന്നതോടെ ഹൊബാര്‍ട്ട് തോല്‍വി വഴങ്ങുകയായിരുന്നു.