മുംബൈ: മലയാളിയായ ബിജു ജോര്‍ജ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായി തുടരും. വിജയ് യാദവിനെ ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായി നിയമിച്ചതായും ബിസിസിഐ അറിയിച്ചു. വനിതാ ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള ഇന്ത്യന്‍ മുന്നേറ്റം കണക്കിലെടുത്താണ് ബിജു ജോര്‍ജ് അടക്കമുള്ള സപ്പോര്‍ട്ട് സ്റ്റാഫിനെ നിലനിര്‍ത്താന്‍ ബിസിസിഐയില്‍ ധാരണ ആയിരിക്കുന്നത്.

ലോകകപ്പില്‍ ദേശീയ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ മലയാളിയായ ബിജു ജോര്‍ജ് 1992 മുതല്‍ സായ് പരിശീലകനാണ്. സ്മൃതി മന്ദാന,ദീപ്തി ശര്‍മ്മ തുടങ്ങിയ പ്രമുഖ താരങ്ങളെ അണ്ടര്‍ 19 തലത്തില്‍ പരിശീലിപ്പിച്ചിട്ടുള്ളതും ബിജുവിന് നേട്ടമായി. സഞ്ജു സാംസണ്‍ അടക്കമുള്ളവരുടെ പരിശീലകനായ ബിജു, ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഫീല്‍ഡിംഗ് പരിശിലകനായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായി ബിജു ജോര്‍ജിനെ പരിഗണിച്ചിരുന്നെങ്കിലും വിജയ് യാദവിനെ നിയമിക്കാന്‍ ബിസിസിഐയില്‍ തീരുമാനമായി. ഒരു ടെസ്റ്റിലും 19 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള വിജയ് യാദവ് 1992ല്‍ ഹീറോ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ആയിരുന്നു. വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലുള്ളതിനാലാണ് വിജയ് യാദവിനെ ഇന്ത്യ എയ്‌ക്കൊപ്പം അയക്കുന്നതെന്നും ബിസിസിഐ വിശദീകരിച്ചു .

രാഹുല്‍ ദ്രാവിഡ് പരിശീലകനായ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അഫ്ഗാനിസ്ഥാന്‍ എ ടീമും ഉള്‍പ്പെടുന്ന ത്രിരാഷ്‌ട ഏകദിന പരമ്പരയും 2 ചതുര്‍ദിന മത്സരങ്ങളും കളിക്കും.