കൊച്ചി: ഏറെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ 35 -ാം മിനിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ നെഞ്ച് തുളച്ച് ഡല്‍ഹി താരം കാലു ഉച്ചേയുടെ ഷേട്ട് ഗോളായി മാറി. എന്നാല്‍ 48 -ാം മിനിട്ടില്‍ ദീപേന്ദ്ര സിംഗ് നേഗിയിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചത് ബ്ലാസ്റ്റേഴസിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. 

കളിയുടെ പകുതിക്ക് പിരിയുമ്പോള്‍ 1 -1 എന്ന നിലയില്‍നിന്നിരുന്ന കളി രണ്ടാം പകുതി ആരംഭിച്ച് മുപ്പത് മിനിട്ടുകള്‍ക്കുള്ളില്‍ (75 -ാം മിനിട്ടില്‍ ) ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടനിലൂടെ ലീഡ് നേടി. ദീപേന്ദ്രയ്ക്ക് കിട്ടിയ ഫ്രീക്കിക്കാണ് ഹ്യൂം ഗോളാക്കി മാറ്റിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ഒരു ഗോളിന് തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ഈ വിജയം ഏറെ ആശ്വാസം നല്‍കുന്നതാണ്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ചൗധരിക്ക് അടുത്ത മത്സരം നഷ്ടമാകും. 

ജയത്തോടെ 13 കളിയില്‍ നിന്ന് 17 പോയിന്റുമായി ഏഴാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്സ്. ഇനിയുള്ള അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ ഡേവിഡ് ജെയിംസിന്റെ ടീമിന് പ്ലേ ഓഫിലേക്ക് മുന്നേറാം. സ്പാനിഷ് മൂന്നാം ഡിവിഷന്‍ ലീഗില്‍ സിഎഫ് റൂസിന്റെ ട്രയല്‍സില്‍ പങ്കെടുത്ത ദീപേന്ദ്ര സിംഗ് നേഗി തന്നെയാണ് കളിയിലെ താരം.

വിജയവഴിയില്‍ തിരിച്ചെത്താന്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്കേറ്റ റിനോ ആന്റോ, പോള്‍ റച്ചൂബ്ക, സിയാം ഹങ്ഗല്‍ എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. പകരമെത്തിയത് മലയാളി താരം കെ. പ്രശാന്ത്, ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരി, കരണ്‍ സാഹ്നി എന്നിവരും. വെറും മൂന്നു വിദേശ താരങ്ങളെ മാത്രമാണ് കേരളം ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയത്. മറുവശത്ത് ഡെല്‍ഹിയും മൂന്നു മാറ്റങ്ങളുമായാണ് ഇറങ്ങിയത്.