കൊച്ചി: നവംബര്‍ ഒന്നിന് നടക്കേണ്ട ഏകദിന ക്രിക്കറ്റ് കൊച്ചിയില്‍  തന്നെ നടത്താന്‍ തീരുമാനിച്ചതില്‍ അതൃപ്തിയറിയിച്ച് ബ്ലാസ്റ്റേഴ്സ്. ഹോം മത്സരങ്ങള്‍ വൈകുന്നതിലും ബ്ലാസ്റ്റേഴ്സ് ആശങ്കയറിയിച്ചു. ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ ബ്ലാസ്റ്റേഴ്സിന് എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റെന്നും ടീ അധികൃതര്‍ പറഞ്ഞു. 

 കേരള ക്രിക്കറ്റ് അസോസിയേഷനും ഫുട്ബോള്‍ അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായി നടത്തിയ ചര്‍ച്ചയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും  ഫുട്ബോളും നടത്താനുള്ള പരിശോധന നടത്താന്‍ തീരുമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ആശങ്കയറിയിച്ച് രംഗത്ത് എത്തിയത്.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിനിധിയായി സഞ്ജിത് ആണ് ഇന്ന് യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തിന് ശേഷം ഫുട്ബോളും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇരുവരും അറിയിച്ചിരുന്നു. എന്നാല്‍  ഇതിന് പിന്നാലെയാണ് മാനേജ്മെന്‍റ് മറ്റൊരു വിശദീകരണവുമായി രംഗത്ത് എത്തിയത്.

ക്രിക്കറ്റ് മത്സരം നടന്നാല്‍ ബ്ലാസ്റ്റേഴിന്‍റെ ഹോംമാച്ചുകള്‍ മാറ്റി വയ്ക്കേണ്ടി വരും. കഴിഞ്ഞ സീസണ്‍ പോലെയല്ല ഇത്തവണ നേരത്തെ ആരംഭിക്കുമെന്നും. അങ്ങനെ തുടങ്ങുന്ന െഎ എസ് എല്‍ മത്സരങ്ങള്‍ ക്രിക്കറ്റിന് വേണ്ടി മാറ്റിവയ്ക്കുന്നത് മാച്ച് ഷെഡ്യൂളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. അത് അംഗീകരിക്കപ്പെടാനുള്ള സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.

കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്ന് പറയാനാകില്ലെന്നും ജിസിഡി എ ചെയര്‍മാന്‍ സി. എന്‍. മോഹന്‍ പറഞ്ഞു.  എന്നാല്‍ ഈ രണ്ട് കളികളും നടത്തണമെന്നുണ്ടെങ്കില്‍ അത് നടത്താന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിന് തടസ്സമില്ലെങ്കില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ ഏകദിനം നടക്കുകയെന്ന് കെസി എയും കേരള ഫുട്ബോള്‍ അസോസിയേഷനും അറിയിച്ചു.