രണ്ടുതവണ കൈയെത്തും ദൂരെ കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ രണ്ടും കൽപിച്ചാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിത്താർ ബെർബറ്റോവ്, വെസ് ബ്രൗൺ ഘാനയുടെ കറേജ് പെക്യൂസൺ എന്നിവർക്കൊപ്പം ഇയാൻ ഹ്യൂമിനെ ടീമിൽ തിരികെയെത്തിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കി. ഈ പ്രതീക്ഷകളിലേക്ക് ബ്ലാസ്റ്റേഴ്സ് നാളെ പന്തുതട്ടിത്തുടങ്ങുന്നു. കൊച്ചി ജവഹ‍ർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണ്ടർ 17 ലോകകപ്പിനും കാര്യവട്ടം ഗ്രീൻഫീൽഡിൽ ഇന്ത്യ-ന്യുസീലൻഡ് ക്രിക്കറ്റ് പോരാട്ടത്തിമുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ആദ്യഘട്ട പരിശീലനം ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. മുഖ്യപരിശീലകൻ റെനി മ്യൂളൻസ്റ്റീൻ അടുത്തയാഴ്ച ടീമിനൊപ്പം ചേരും. അതുവരെ അസിസ്റ്റന്‍റ് കോച്ച് തങ്ബോയ് സിങ്ടോ ക്യാംപിന് നേതൃത്വം നൽകും. ടീമിന്‍റെ രണ്ടാംഘട്ടപരിശീലനം സ്പെയ്നിലാണ് നിശ്ചയിച്ചിരിക്കുന്നത്. ബെർബറ്റോവും വെസ് ബ്രൗണും ഗോൾ കീപ്പർ പോൾ റഹുബ്കയും ഈസമയത്തേ ടീമിനൊപ്പം ചേരൂ. ബ്ലാസ്റ്റേഴ്സ് നിരയിൽ ഇത്തവണ ഏഴ് മലയാളി താരങ്ങളുണ്ട്. സി കെ വിനീത്, റിനോ ആന്റോ, പ്രശാന്ത് മോഹൻ, അജിത് ശിവൻ, സഹൽ അബ്ദുൽ സമദ്, ജിഷ്ണു ബാലകൃഷ്ണൻ, എം എസ് സുജിത് എന്നിവരാണ് ടീമിലെ മലയാളികൾ. വ്യക്തിപരമായ കാരണങ്ങളാൽ വിനീത് പതിനാലിന് ശേഷമേ ടീമിനൊപ്പം ചേരൂ.