ദുബായ്: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് മുന്നില്‍ ഇതുവരം തലകുനിച്ചിട്ടില്ലാത്ത ഇന്ത്യന്‍ റെക്കോര്‍ഡ് തകരാതെ കാത്ത് കാഴ്ചപരിമിതരുടെ ടീമും. ദുബായില്‍ നടക്കുന്ന കാഴ്ചപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക് ടീം 40 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സടിച്ചുകൂട്ടിയെങ്കിലും 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

71 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത ദീപക് മാലിക്ക് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വെങ്കിടേഷ് 55 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ നായകന്‍ അജയ് റെഡ്ഡി 34 പന്തില്‍ 47 റണ്‍സെടുത്തു. ബംഗ്ലാദേശിനെയും നേപ്പാളിനെയും തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടു ജയം നേടിയ പാക്കിസ്ഥാന് പക്ഷെ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തേണ്ടിവന്നു. കാഴ്ചപരിമിതരുടെ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ.