പുതിയ മല്‍സരവേദികള്‍ ബി സി സി ഐ ഉടന്‍ നിശ്ചയിക്കുമെന്നാണ് വിവരം. മഹാരാഷ്‌ട്ര കടുത്ത വരള്‍ച്ചയില്‍ വലയുന്ന സാഹചര്യത്തില്‍, പിച്ച് നനയ്‌ക്കാന്‍ വലിയ തോതില്‍ ജലം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടത്.

അതേസമയം മുഖ്യമന്ത്രിയുടെ വരള്‍ച്ചാ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ബോംബെ ഹൈക്കോടതിയോട് ബിസിസിഐ വ്യക്തമാക്കിയിരുന്നു. വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയില്‍ നിന്ന് ഐ.പി.എല്‍ മല്‍സരങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് 64 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കാമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. മത്സരങ്ങള്‍ മഹാരാഷ്ട്രക്ക് പുറത്തേക്ക് മാറ്റുന്നത് പരിഗണിക്കണെന്ന് ബി.സി.സി.ഐയോട് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മലിനജലം ശുദ്ധീകരിച്ച് മൈതാനം നനക്കുന്നതിന് ഉപയോഗിക്കാമെന്നും മല്‍സരം മാറ്റേണ്ടതില്ലെന്നുമാണ് ബി.സി.സി.ഐയുടെ നിലപാട്. ഒടുവില്‍ ബിസിസിഐ നിലപാട് തള്ളിക്കൊണ്ടാണ് മല്‍സരങ്ങള്‍ മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റുകയെന്നത് ദുഷ്‌ക്കരമായ കാര്യമാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ വേദികളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.