പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തി പട എന്ന അവസ്ഥയില്‍ ഐപിഎല്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്
പൂനെ: പട പേടിച്ച് പന്തളത്ത് ചെന്നപ്പോള് പന്തംകൊളുത്തി പട എന്ന അവസ്ഥയില് ഐപിഎല് കളിക്കുന്ന ചെന്നൈ സൂപ്പര് കിംഗ്സ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില് നിന്നും മാറ്റിയ ചെന്നൈ സൂപ്പര് കിങ്സിന്റെ തട്ടകം പുതിയ വേദിയായ പൂനെയിലേക്ക് മാറ്റിയിരുന്നു. എന്നാല് അവിടെയും വെള്ളം മൂലം പെട്ടിരിക്കുകയാണ് ചെന്നൈ. ഐപിഎല് മത്സരങ്ങള്ക്കായി സ്റ്റേഡിയങ്ങളില് ഉപയോഗിക്കാന് പൂനെയ്ക്ക് ജലം നല്കുന്ന പാവന ഡാമില് നിന്നും ജലമെടുക്കുന്നത് മുംബൈ ഹൈക്കോടതി വിലക്കി.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഡാമില് നിന്നും ജലമെടുത്ത് ഐപിഎല് സ്റ്റേഡിയങ്ങള്ക്ക് ഉപയോഗിക്കരുതെന്നാണ് കോടതി ഉത്തരവ്.
മഹാരാഷ്ട്ര സര്ക്കാരുമായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് ഒപ്പുവെച്ച കരാറില് തെറ്റിദ്ധാരണയുണ്ടെന്നും വ്യാവസായിക ആവശ്യത്തിനാണെന്ന പേരില് ജലം എടുക്കുന്ന സ്റ്റേഡിയങ്ങള്ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഐപിഎല് ഏത് വ്യവസായത്തിന്റെ കീഴിലാണ് വരുന്നതെന്നും കോടതി ചോദിച്ചു.
ചെന്നൈ സൂപ്പര് കിങ്സിന്റെ ഹോം വേദി ചെന്നൈയില് നിന്ന് പൂനെയിലേക്ക് മാറ്റിയത് മുതല് സ്റ്റേഡിയങ്ങള്ക്ക് ജലം നല്കുന്ന സര്ക്കാര് നടപടി എന്തടിസ്ഥാനത്തിലാണെന്ന് കാണിച്ച് കോടതിയില് വന്ന പൊതുതാല്പ്പര്യ ഹര്ജിയില് വാദം കേട്ടാണ് ഹൈക്കോടതി ഉത്തരവ്. 2016ല് മഹാരാഷ്ട്ര കടുത്ത വരള്ച്ച നേരിട്ടപ്പോഴും സ്റ്റേഡിയങ്ങള് ജലമുപയോഗിച്ചുന്ന ആശങ്കയും ഹര്ജിക്കാര് പങ്കുവെച്ചു.
അതേസമയം, സ്റ്റേഡിയത്തിനാവശ്യമായ ജലം ഇതിനോടകം തന്നെ മാനേജ്മെന്റ് സംഭരിച്ചുവെച്ചിട്ടുണ്ടെന്നും മുനിസിപ്പല് കോര്പ്പറേഷനില് നിന്ന് ജലമെടുത്തിട്ടില്ലെന്നും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സത്യവാങ്മൂലത്തില് ബോധിപ്പിച്ചു. പ്രതിദിനം സ്റ്റേഡിയത്തിലെ പിച്ച് നനയ്ക്കുന്നതിന് മാത്രം രണ്ടര ലക്ഷം ലിറ്റര് വെള്ളമാണ് ഉപയോഗിക്കുന്നത്.
