ദില്ലി: ഓഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിംപിക്‌സില്‍ ടെന്നീസില്‍ ഡബിള്‍സ് പങ്കാളിയായി ലിയാന്‍ഡര്‍ പേസിനെ വേണ്ടെന്ന് രോഹന്‍ ബൊപ്പണ്ണ വ്യക്തമാക്കി. പുരുഷ ഡബിള്‍സില്‍ സാകേത് മൈനേമിയെയാണ് തനിക്കൊപ്പം കളിക്കേണ്ടതെന്ന നിലപാടിലാണ് ബൊപ്പണ്ണ. ഇക്കാര്യം ബൊപ്പണ്ണ ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. റിയോ ഒളിംപിക്‌സിനുള്ള ടെന്നീസ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ്, ബൊപ്പണ്ണ ഇക്കാര്യം ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷനെ അറിയിച്ചത്. ഇതോടെ തുടര്‍ച്ചയായി ഏഴാം ഒളിംപിക്‌സില്‍ രാജ്യത്തിനുവേണ്ടി മല്‍സരിക്കാന്‍ പേസിന് സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പക്ഷെ ഫെഡറേഷന്‍ ഇടപെട്ട് തനിക്ക് ഒളിംപിക്‌സില്‍ കളിക്കാന്‍ അവസരമൊരുക്കുമെന്ന് തന്നെയാണ് പേസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ അവസാന നിമിഷം ഫെഡറേഷന്‍ ഇടപെട്ടാണ് പേസിന് അവസരം നല്‍കിയത്.

മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ, തന്റെ പങ്കാളിയെ നിശ്ചയിച്ചതായാണ് സൂചന. ഇക്കാര്യം ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷനെ അറിയിച്ചിട്ടുമുണ്ട്. അത് ബൊപ്പണ്ണയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലണ്ടന്‍ ഒളിംപിക്‌സിലെ ടീം തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷന്റെ നീക്കം. ലണ്ടന്‍ ഒളിംപിക്‌സില്‍, പേസിനൊപ്പം കളിക്കാന്‍ ആദ്യം സാനിയ വിസമ്മതിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സാനിയ-പേസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്‌ക്കായി മല്‍സരിച്ചത്.