ലണ്ടന്‍: ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നിന്ന് ഉസൈന്‍ ബോള്‍ട്ട് വേദനയോടെ ട്രാക്ക് വിട്ടത് ദുരന്ത നായകന്‍മാരുടെ പട്ടികയിലേക്ക് കൂടിയായിരുന്നു. ഡോണ്‍ ബ്രാഡ്‌മാനും സിനദിന്‍ സിദാനുമെല്ലാം അവസാന മത്സരത്തില്‍ മടങ്ങിയത് ഇതുപോലെ ആയിരുന്നു. മഹാപ്രതിഭകള്‍ക്ക് കാലംകാത്തുവച്ചത് ഇങ്ങനെ ചില ദുരന്ത നിമിഷങ്ങള്‍. പൂര്‍ണതയിലേക്കുള്ള അവസാന പടിയിലെ വീഴ്ച.
ക്രിക്കറ്റില്‍ ബാറ്റിംഗിലെ അവസാന വാക്കായിരുന്ന ഡൊണാള്‍ഡ് ബ്രാഡ്മാന്‍. വിടവാങ്ങല്‍ ഇന്നിംഗ്സിനായി ക്രീസിലെത്തുമ്പോള്‍ ബാറ്റിംഗ് ശരാശരി നൂറിലെത്താന്‍ വേണ്ടത് വെറും നാല് റണ്‍സ്. നേരിട്ട രണ്ടാം പന്തില്‍ ബ്രാഡ്മാന്‍ പൂജ്യത്തിന് പുറത്ത്. 2006 ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലും ദുരന്തക്കാഴ്ചയ്‌ക്ക് കായികലോകം സാക്ഷിയായി. ഫ്രാന്‍സിന്റെ എല്ലാമെല്ലാമായ സിദാന്‍ അസാധാരണായി ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ അവര്‍ കൈവിട്ടത് കിരീടം കൂടിയായിരുന്നു.
മറുവാക്കില്ലാത്ത സ്‌പ്രിന്ററായ ബോള്‍ട്ടിന്റെ അവസാന പന്തയവും ഇതേ രീതിയില്‍. ലോകം കണ്ണിമചിമ്മാതെ കാത്തിരുന്ന വേഗപ്പോരില്‍ ബോള്‍ട്ടിന് ഫിനിഷിംഗ് ലൈന്‍ തൊടാന്‍ പോലുമായില്ല. ബ്രാഡ്‌മാന് ശേഷം സച്ചിനും സിദാന് ശേഷം മെസ്സിയും റൊണാള്‍ഡോയും വന്നെങ്കിലും ബോള്‍ട്ടിനൊത്തൊരു പിന്‍ഗാമിയെ പ്രതീക്ഷിക്കുന്നതുപോലും അതിമോഹമാവും.
