കോപ്പ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഹെയ്‌ത്തിയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീല്‍ ഒന്നിനൊന്ന് മികച്ചുനിന്നതോടെ ദുര്‍ബലരായ ഹെയ്‌ത്തിക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ഫിലിപ്പോ കുട്ടീഞ്ഞ്യോയുടെ ഹാട്രിക്കും, റെനെറ്റോ അഗസ്റ്റയുടെ ഇരട്ട ഗോളുകളുമാണ് ബ്രസീലിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ഗബ്രിയേല്‍, ലുക്കാസ് ലിമ എന്നിവരും ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ബ്രസീല്‍ മൂന്നു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീല്‍ നാലു ഗോളുകള്‍ കൂടി നേടി. എഴുപതാം മിനിട്ടില്‍ ജെയിംസ് മാര്‍സെലിനിലൂടെയാണ് ഹെയ്‌ത്തി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഗ്രൂപ്പ് ബിയില്‍ ഹെയ്‌ത്തിക്കെതിരായ ജയത്തോടെ ബ്രസീലിന് നാലു പോയിന്റായി. ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാമതാണ്. ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനെതിരെ ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. പെറുവിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മല്‍സരം.
ഇന്നു നടന്ന ഇക്വഡോര്‍-പെറു മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. വാശിയേറിയ പോരാട്ടം ദൃശ്യമായ മല്‍സരത്തില്‍ എന്നര്‍ വലെന്‍സിയ, മില്ലര്‍ ബൊളാനോസ് എന്നിവര്‍ ഇക്വഡോറിനായി ഗോളുകള്‍ നേടിയപ്പോള്‍, ക്രിസ്റ്റ്യന്‍ ക്യൂവ, എഡിസണ്‍ ഫ്ലോറസ് എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ബിയില്‍ പെറുവിന് നാലു പോയിന്റും ഇക്വഡോറിന് രണ്ടു പോയിന്റുമാണുള്ളത്.
