സാവോപോള: റഷ്യന്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനെ നയിക്കുക സ്‌ട്രൈക്കര്‍ നെയ്മറാകുമെന്ന് ഫുട്ബോള്‍ ഇതിഹാസം പെലെ. ലോകകപ്പ് നേടാന്‍ എക്കാലത്തും കരുത്തരാണ് ബ്രസീല്‍ ടീം. ഈ ലോകകപ്പിലും കിരീടം നേടാന്‍ സാധ്യതയുള്ള ടീമാണ് ബ്രസീല്‍. അതേസമയം ജര്‍മ്മനിയും അര്‍ജന്‍റീനിയയും റഷ്യയും കരുത്തരാണെന്ന് ഇതിഹാസ താരം പറയുന്നു. 

ഫിഫ ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ നിലപാട് വ്യക്തമാക്കിയത്. ലോകത്തെ വിവിധ ക്ലബുകളിലായി ചിതറിക്കിടക്കുന്ന ബ്രസീലിയന്‍ താരങ്ങളെ പരിശീലനത്തിന് ഒരുമിപ്പിക്കുക പ്രയാസമാണ്. ഇത് ടീമിനെ കെട്ടിപ്പടുക്കുന്നതില്‍ പരിശീലകര്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കുന്നു. എന്നാല്‍ ലോകത്തെ താരങ്ങള്‍ ബ്രസീലുകാരാണെന്ന കാര്യത്തില്‍ സംശയമില്ല. 

സമകാലിക ഫുട്ബോളില്‍ ലോകത്ത് മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളെയുള്ളൂ. റഷ്യയില്‍ ബ്രസീലിന്‍റെ ആക്രമണം നയിക്കുക നെയ്മറാണെന്നും തന്‍റെ കാഴ്ച്ചപ്പാടില്‍ സാങ്കേതികമായി ലോകത്തെ മികച്ച താരം നെയ്മറാണെന്നും പെലെ പറഞ്ഞു. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം നടക്കുന്നത്.