ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ബാറ്റ്സ്മാന്‍ നിയമവിധേയമായ ഒരു പന്തില്‍ 13 റണ്‍സ് നേടുന്നത്.

ബംഗലൂരു: ഒരു പന്തില്‍ പരമാവധി എത്ര റണ്‍സ് നേടാനാവും. ആറു റണ്‍സെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഐപിഎല്ലില്‍ ബംഗലൂരുവും മുംബൈയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗലൂരു ബാറ്റ്സ്മാന്‍മാരായ ബ്രെണ്ടന്‍ മക്കല്ലവും കോളിന്‍ ഡി ഗ്രാന്ദോമും ഒരു ലീഗല്‍ ഡെലിവറിയില്‍ നേടിയത് 13 റണ്‍സ് വീതം.മക്കല്ലമ്മായിരുന്നു ആദ്യം ഈ നേട്ടത്തിലെത്തിയത്. മത്സരത്തിന്റെ പത്താം ഓവറില്‍ ഹര്‍ദ്ദീക് പാണ്ഡ്യ എറിഞ്ഞ രണ്ടാം പന്തില്‍ മക്കല്ലം തേര്‍ഡ്മാന് മുകളില്‍ കൂടി സിക്സറടിച്ചു. എന്നാല്‍ ബാറ്റ്സ്മാന്റെ അരക്കുമുകളിലുള്ള ഫുള്‍ടോസായതിനാല്‍ അമ്പയര്‍ നോബോള്‍ വിധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ഇതോടെ ഈ പന്തില്‍ 7 റണ്‍സ് ബംഗലൂരു സ്കോര്‍ ബോര്‍ഡിലെത്തി. അടുത്ത പന്ത് ഫ്രീ ഹിറ്റായിരുന്നു. അത് വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ സ്കൂപ്പ് ചെയ്ത മക്കല്ലം രണ്ടാം സിക്സറടിച്ചു. ഇതോടെ നിയമവിധേയമായി നേരിട്ട ഒരു പന്തില്‍ മക്കല്ലം നേടിയത് 13 റണ്‍സ്. ആദ്യ പന്ത് നോ ബോളായതിനാല്‍ അത് ബോളായി കണക്കിലെടുക്കാത്തതിനാലാണിത്. .

Scroll to load tweet…

സമാനമായി ഇന്നിംഗ്സിന്റെ അവസാനം ബംഗലൂരു താരം കോളിന്‍ ഡി ഗ്രാന്‍ന്ദോമും ഒരു പന്തില്‍ 13 റണ്‍സടിച്ചത് മത്സരത്തിലെ മറ്റൊരു യാദൃശ്ചികതയായി. ഇരുപതാം ഓവര്‍ എറിഞ്ഞ മക്‌ലെഗാനാഘന്റെ അവസാനപന്താണ് ഫുള്‍ടോസ് നോബോളായത്. ഇതില്‍ ഗ്രാന്‍ന്ദോം സിക്സറടിച്ചിരുന്നു. ഇതോടെ അവസാന പന്ത് വീണ്ടും എറിഞ്ഞ മക്‌ലെഗാനാഘനെ വീണ്ടും സിക്സറിന് പറത്തി ഗ്രാന്‍ന്ദോമും 13 റണ്‍സടിച്ചു.

ഐപിഎല്ലില്‍ ഒരു പന്തില്‍ 13 റണ്‍സടിച്ചവരില്‍ മക്കല്ലത്തിനും ഗ്രാന്‍ഡ്ഹോമിനും മുന്‍ഗാമി സൗരവ് ഗാംഗുലിയാണ്. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്തക്കായാണ് ഗാംഗുലി സമാനമായി 13 റണ്‍സടിച്ചത്. രണ്ട് നോ ബോളിലും തുടര്‍ന്ന് നല്‍കിയ ഫ്രീ ഹിറ്റിലും മക്കല്ലവും ഗ്രാന്ദോമും സിക്സര്‍ നേടിയതോടെ നിയപരമായി മുംബൈ ബൗളര്‍മാര്‍ എറിഞ്ഞ രണ്ടു പന്തില്‍ ബംഗലൂരു സ്കോര്‍ ബോര്‍ഡിലെത്തിയത് 26 റണ്‍സ്. ഇനി മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്, മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റതാകട്ടെ വെറും 14 റണ്‍സിനായിരുന്നു.