തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാനാണ് തീരുമാനം. ഹാജരില്ലെന്ന പേരില്‍ ഏജീസ് ഓഫീസ് സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. 

എന്നാല്‍ വിനീതിനെ പിരിച്ചുവിട്ട നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പിന്തുണയുമായി രംഗത്ത് വരികയും സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ഗാനവും നല്‍കി. ഈ ഉറപ്പാണ് സര്‍ക്കാര്‍ പാലിച്ചിരിക്കുന്നത്.

വിനീതിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് പിന്നാലെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി സംസ്ഥആന കായികമന്ത്രി എസി മൊയ്തീന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രം നടപടി പിന്‍വലിച്ചില്ല. ഇന്ത്യന്‍ ടീമിലും ഐലീഗിലും ഐഎസ്എല്ലിലും സ്ഥിരസാന്നിദ്ധ്യമായ വിനീത് ജോലിക്ക് വേണ്ടി ഫുട്ബോള്‍ ഉപേക്ഷിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.