ചെന്നൈ: പ്രഥമ പ്രോ വോളി കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സിന്. കാലിക്കറ്റ് ഹീറോസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന കാലിക്കറ്റിന് അതേ മികവ് ഫൈനലില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ 11-15, 12-15, 14-16. 

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കാലിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചിരുന്നത്. ചെന്നൈയാവട്ടെ മൂന്ന് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാലിക്കറ്റിനായിരുന്നു വിജയം. എന്നാല്‍ ജെറോം വിനീത്, അജിത്ത് ലാല്‍ തുടങ്ങിയവരൊക്കെ നിറം മങ്ങിയപ്പോള്‍ ജയം ചെന്നൈക്കൊപ്പം നിന്നു. 

മുംബൈയെ ഏകപക്ഷീമായ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഹീറോസ് ഫൈനലില്‍ പ്രവേശിച്ചത്. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈ സ്പാര്‍ട്ടന്‍സ് ഫൈനലില്‍ കടന്നത്.