അഗര്‍ത്തല: ഒളിംപിക്സിലെ മിന്നുന്ന പ്രകടനത്തിന് സമ്മാനമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൈമാറിയ ബിഎംഡബ്ല്യു കാര്‍ തിരികെ നല്‍കിയതിന്  പകരമായി ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് 25 ലക്ഷം രൂപ സമ്മാനിച്ചു. ദിപയ്ക്ക് ബിഎംഡബ്ല്യു സമ്മാനിച്ച ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് കോടീശ്വരനുരനാഥ് ആണ് ദിപയ്‌ക്ക് പണം  നല്‍കിയത്.

ചെലവ് കൂടുതലായതിനാലും, ത്രിപുരയില്‍  ബിഎംഡബ്ല്യുവിന്റെ സര്‍വ്വീസ് സെന്റര്‍ ഇല്ലാത്തതിനാലും കാര്‍ വേണ്ടെന്ന് ദിപ അറിയിച്ചിരുന്നു. തുടര്‍ന്ന് ബിഎംഡബ്ല്യു തിരികെ നല്‍കിയ  ദിപ ഹ്യൂണ്ടായ് എലാന്‍ട്ര കാര്‍ വാങ്ങി. 25 ലക്ഷം രൂപയില്‍ കാര്‍ വാങ്ങിയതിന്റെ ബാക്കി തുക, പരിശീലനത്തിനായി ഉപയോഗിക്കുമെന്ന് ദിപ പറഞ്ഞു.

ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്തിയതിനാണ് ദിപയ്‌ക്ക് കാര്‍ സമ്മാനിച്ചത്. പി വി സിന്ധു, സാക്ഷി മാലിക്ക്, ഗോപിചന്ദ് എന്നിവര്‍ക്കും ബിഎംഡബ്ല്യു സമ്മാനിച്ചിരുന്നു.