ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റില്‍ കെ.എല്‍. രാഹുലിന് സെഞ്ചുറി. മറ്റു താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ രാഹുല്‍ നേടിയ അപ്രതീക്ഷിത സെഞ്ചുറി ഇന്ത്യന്‍ ക്യാംപിനെ ചെറുതായെങ്കിലും ആശ്വസിപ്പിക്കും. പ്രതിരോധിക്കുന്നതിന് പകരം വേഗത്തിലാണ്  രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 118 പന്തിലായിരുന്നു രാഹുലിന്റെ സെഞ്ചുറി.  16 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റ ഇന്നിങ്‌സ്. 

രണ്ടാം ഇന്നിങ്‌സില്‍ 464 വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച് ഇന്ത്യക്ക് ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 167 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. 108 റണ്‍സോടെ രാഹുലും 12 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. വിജയിക്കാന്‍ ഇനിയും 297 റണ്‍സ് വേണം. 

അഞ്ചാം ദിനം 58ന് മൂന്ന് എന്ന നിലയിലാണ ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ത 37 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ നേരത്തെ പുറത്തായി. പിന്നാലെ എത്തിയ ഹനുമ വിഹാരിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.  ആറ് പന്ത് മാത്രം നേരിട്ട വിഹാരി ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് നല്‍കി മടങ്ങി. മൊയീന്‍ അലിക്കായിരുന്നു രഹാനെയുടെ വിക്കറ്റ്.

നാലാം ദിനം ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്സ്ന്മാര്‍ പവലിയനിലേക്ക് തിരികെ എത്തിയിരുന്നു. ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (0) എന്നിവരാണ് ഇന്നലെ പുറത്തായത്. കെ.എല്‍. ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഒരു വിക്കറ്റെടുത്തു. 

ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ മൂന്നാം ഓറില്‍ തന്നെ ധവാന്‍ വിക്ക്റ്റിന് മുന്നില്‍ കുടങ്ങി. അതേ ഓവറിലെ അവസാന പന്തില്‍ പൂജാരയും മടങ്ങി. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരില്‍ ഒരാളായി ആന്‍ഡേഴ്സണ്‍. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ആന്‍ഡേഴ്സണ് മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്തിനെ പിന്തള്ളാം. 563 വിക്കറ്റാണ് ഇരുവരും വീഴ്ത്തിയത്. നാലമനായി ഇറങ്ങിയ കോലി നേരിട്ട ആദ്യപന്തില്‍ തന്നെ മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു വിക്കറ്റ്. 

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ടിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 463 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് രണ്ടിന്നിങ്‌സിലുമായി നേടിയത്. അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് (147), ക്യാപ്റ്റന്‍ ജോ റൂട്ട് (125) എന്നിവരുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിച്ചത്. 14 ഫോറിന്റെ സഹായത്തോടെയാണ് കുക്ക് 147 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്സ്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.