തിരുവനന്തപുരം: കാര്യവട്ടം ട്വന്റി-20ക്ക് മുന്‍പ് കോവളത്തെ ടീം ഹോട്ടലില്‍ വാശിയേറിയ ഇന്ത്യ-ന്യുസീലന്‍ഡ് പോരാട്ടം. ഇത്തവണ, ക്രിക്കറ്റില്‍ അല്ല, ചെസിലാണ് പോരാട്ടം. ഇന്ത്യയുടെ യുവ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ന്യൂസിലന്‍ഡ് സ്പിന്നറും ഇന്ത്യന്‍ വംശജനുമായ ഇഷ് സോധിയും തമ്മിലായിരുന്നു ചതുരംഗക്കളത്തിലെ പോരാട്ടം.
തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് സോധിക്കെതിരെ ചാഹല്‍ ആദ്യം ചെസില്‍ മത്സരിക്കുന്നത്. അത്തവണ രണ്ടിലും ചാഹല്‍ തന്നെ ജയിച്ചു. മൂന്നില്‍ പിഴയ്‌ക്കില്ലെന്ന് ഉറപ്പിച്ച സോധിയെ വീണ്ടും ചാഹലിന് മുന്നില്‍ ഇരുത്തിയത് ട്വന്റി-20 പരമ്പരയുടെ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്സ് ചാനല്‍. കറുത്ത കരുക്കളുമായി ചാഹല്‍. വെള്ളക്കരുക്കളില്‍ സോധിയും.
ചാഹലിനേല്‍ക്കുന്ന ഓരോ പരിക്കിലും ആഹ്ലാദം മറച്ചുവയ്‌ക്കാതെ സോധി. എന്നാല്‍ അതിവേഗപ്പോരിന്റെ പുതിയ പതിപ്പിലും മത്സരഫലം മറിച്ചായില്ല. ക്രിക്കറ്റിലെത്തും മുന്‍പേ ചെസ്സിനോടായിരുന്നു ചാഹലിന് കമ്പം. ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ അടക്കം ഇന്ത്യക്കായി മത്സരിച്ചിട്ടുള്ള ചാഹല്‍ സ്‌പോണ്‍സര്‍മാരില്ലാത്തതിനെ തുടര്‍ന്നാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. എങ്കിലും ചതുംഗപ്പലകയിലെ തന്ത്രങ്ങള്‍ ചാഹല്‍ മറന്നില്ലെന്നതിന് സോധി തന്നെ സാക്ഷി.
