കൊളംബോ: ഇന്ത്യക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ശ്രീലങ്കന്‍ ടീമിന്റെ ആദ്യ പ്രാര്‍ഥന ടോസിലെ ഭാഗ്യം കനിയണേ എന്നായിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരത്തിലും കോലിയായിരുന്നു ടോസ് ജയിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണയെങ്കിലും ടോസ് കിട്ടണേ എന്നായിരുന്നു ലങ്കയുടെ പ്രാര്‍ഥന. ആരാധകരുടെയും ടീമിന്റെയും പ്രാര്‍ഥന ദൈവം കേട്ടു. ടോസ് ലങ്ക നേടുകയും ചെയ്തു.

ഇടയ്ക്ക് മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും റണ്‍സ് പിന്തുടര്‍ന്ന് കീഴടക്കുന്നതില്‍ ഇന്ത്യയെ വെല്ലാന്‍ ആരുമില്ലെന്നറിഞ്ഞിട്ടും ലങ്കയുടെ താല്‍ക്കാലിക നായകന്‍ ചമര കപുഗേദര ബാറ്റിംഗ് തെരഞ്ഞെടുത്തത് കോലിയെ പോലും അത്ഭുതപ്പെടുത്തി. ടോസ് നേടിയാല്‍ ലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ബൂമ്രയുടെ പേസിനു മുന്നില്‍ മുട്ടുമടക്കി 217 റണ്‍സില്‍ ഒതുങ്ങി. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയും ചെയ്തു.

ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനെടുത്ത തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ തുറന്നടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ലങ്കന്‍ നായകനായിരുന്ന കുപഗേദര ടോസ് നേടിയിട്ടും ബാറ്റിംഗ് തെര‍ഞ്ഞെടുത്തിന് ടീം അംഗങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും മാപ്പു പറഞ്ഞതായി സപ്പോര്‍ട്ട് സ്റ്റാഫിനെ ഉദ്ധരിച്ച് ലങ്കയിലെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായി ദ് ഐലന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ടോസ് നേടിയാല്‍ ബാറ്റ് ചെയ്യാനെടുത്ത തീരുമാനം ടീമിലെ മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നും ഇതിനെ ടീം അംഗങ്ങള്‍ മത്സരശേഷം ചോദ്യം ചെയ്തപ്പോഴാണ് കപുഗേദര മാപ്പു പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോസ് നേടിയാല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെയും നിലപാട്. എന്നിട്ടും ലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുപഗേദരയുടെ ഒരുനിമിഷത്തെ സ്മൃതി നാശമായിരിക്കും ഇതിനെല്ലാം കാരണമെന്നും സപ്പോര്‍ട്ട് സ്റ്റാഫ് പറഞ്ഞു. എന്തായാലും മൂന്നാം ഏകദിനത്തിനിടെ കപുഗേദരയ്ക്കും പരിക്കേറ്റതിനാല്‍ 31ന് നടക്കുന്ന മത്സരത്തില്‍ മലിംഗയാവും ലങ്കയെ നയിക്കുക.