മാഡ്രിഡ്: റയൽ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിന് ചാമ്പ്യന്‍സ് ലീഗിലെ രണ്ട് കളിയിൽ വിലക്കിന് സാധ്യത. പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അയാക്സിനെതിരെ മനപ്പൂര്‍വ്വം മഞ്ഞക്കാര്‍ഡ് വഴങ്ങിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് റാമോസിനെതിരെ യുവേഫ അച്ചടക്കനടപടി പരിഗണിക്കുന്നത്. അയാക്സിനെതിരായ രണ്ടാം പാദം നഷ്ടമായാലും ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ കളിക്കുന്നതിനായാണ് റാമോസ് മനപ്പൂര്‍വ്വം എതിര്‍ടീമിലെ താരത്തെ ഫൗള്‍ചെയ്തത്. 

കളിക്ക് പിന്നാലെയുള്ള ആദ്യ പ്രതികരണത്തില്‍ താന്‍ മനപ്പൂര്‍വ്വം ഫൗള്‍ ചെയ്തതാണെന്നും റാമോസ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ റാമോസ് മലക്കംമറിഞ്ഞിട്ടുണ്ട്. താന്‍ മനപ്പൂര്‍വ്വം ഫൗള്‍ ചെയ്തിട്ടില്ലെന്നാണ് റാമോസിന്‍റെ പുതിയ നിലപാട്. 2010ലെ സീസണില്‍ അയാക്സിനെതിരെ മനപ്പൂര്‍വ്വം മഞ്ഞക്കാര്‍‍ഡ് വഴങ്ങിയ റാമോസിനെയും സാവി അലോന്‍സോയെയും യുവേഫ ഒരു കളിയിൽ നിന്ന് വിലക്കിയിരുന്നു.