ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‍ലീഗ് ഫുട്ബോളില്‍ ആദ്യ ഫൈനല്‍ കളിക്കാമെന്ന മോഹം മാഞ്ചസ്റ്റര്‍ സിറ്റി നീട്ടിയെടുത്തു. ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ തകര്‍പ്പന്‍ സേവുകളുടെ മികവില്‍ റയല്‍ മാഡ്രിഡിനെതിരായ ആദ്യപാദ സെമിയില്‍ സിറ്റി ഗോള്‍രഹിത സമനില നേടി. സിറ്റി മൈതാനത്ത് നടന്ന മത്സരത്തില്‍ പരിക്ക് കാരണം സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ കളിക്കാതിരുന്നതാണ് 10വട്ടം ചാംമ്പ്യന്മാരായ റയലിന് തിരിച്ചടിയായത്.
അര്‍ധ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ റയല്‍ പരാജയപ്പെട്ടപ്പോള്‍ കളിയുടെ അവസാന 20 മിനിട്ട് ജോ ഹാര്‍ട്ട് നടത്തിയ രണ്ടു മിന്നുസേവുകളാണ് സിറ്റിക്ക് സമനില സമ്മാനിച്ചത്. കോര്‍ണറില്‍ നിന്ന് പെപെയും സെസ്മോറിയും തൊടുത്ത ഗോളെന്നുറച്ച രണ്ടുഷോട്ടുകളാണ് ഹാര്‍ട്ട് തടഞ്ഞിട്ടത്.
അടുത്തമാസം അഞ്ചിനാണ് റയല്‍ മാഡ്രിഡ് തട്ടകത്തിലെ നിര്‍ണായകമായ രണ്ടാംപാദ സെമി ഫൈനല്‍ മത്സരം. ഇന്ന് നടക്കുന്ന ഒന്നാംപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്ക് അത്‍ലറ്റിക്കൊ മാഡ്രിഡിനെ നേരിടും. പുലര്‍ച്ചെ 12.15ന് അത്‍ലറ്റിക്കൊ മാഡ്രിഡിന്റെ മൈതാനത്താണ് മത്സരം.
