Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ലീഗ്: വെന്നിക്കൊടി നാട്ടി റയലും യുവന്‍റസും; രക്ഷപ്പെട്ട് യുണെെറ്റഡ്

 ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. ആര്യന്‍ റോബന്‍ (13,30), റോബര്‍ട്ട് ലെവന്‍ഡോവസ്കി (36,51) ഫ്രാങ്ക് റിബറി (76) എന്നിവരാണ് ഗോളുകള്‍ നേടിയത്

Champions league results
Author
Madrid, First Published Nov 28, 2018, 9:03 AM IST
  • Facebook
  • Twitter
  • Whatsapp

മാഡ്രിഡ‍്: ലാ ലിഗയില്‍ തകര്‍ച്ചകളില്‍ നിന്ന് പതിയെ കരകയറുന്ന റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് തേരോട്ടം തുടരുന്നു. ഗ്രൂപ്പ് ജിയിലെ കരുത്തന്മാരുടെ പോരില്‍ ഇറ്റാലിയന്‍ വമ്പന്മാരായ റോമയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്.

റയലിനായി ഗാരത് ബെയ്‍ല്‍ (47), ലൂക്കാസ് വാസ്ക്വസ് (59) എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യപാദത്തില്‍ റയലിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വിയേറ്റ് വാങ്ങിയ റോമ അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിനാണ് സ്വന്തം മെെതാനത്ത് ഇറങ്ങിയത്.

എന്നാല്‍, 17 ഷോട്ടുകള്‍ പായിച്ചിട്ടും ഒരു ഗോള്‍ പോലും സ്വന്തമാക്കാനാകാതെ കളത്തില്‍ നിന്ന് കയറാനായിരുന്നു അവരുടെ വിധി. മറ്റൊരു മത്സരത്തില്‍ സ്പെയിനില്‍ നിന്നെത്തിയ വലന്‍സിയയെ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസ് എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. 59-ാം മിനിറ്റില്‍ മാരിയോ മാന്‍സൂക്കിച്ചാണ് യുവെയുടെ ഏക ഗോള്‍ പേരിലെഴുതിയത്.

ഗോള്‍ സ്വന്തം പേരില്‍ കുറിച്ചില്ലെങ്കിലും മാന്‍സൂക്കിച്ച് നേടിയ ഗോളിന്‍റെ മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്. ബോക്സിനുള്ളില്‍ ഇടത് വിംഗില്‍ വലന്‍സിയ പ്രതിരോധത്തെ കബളിപ്പിച്ച റോണോ മാന്‍സൂക്കിച്ചിലേക്ക് പന്തെത്തിച്ചു.

ഗോള്‍ കീപ്പറും പ്രതിരോധനിരക്കാരും തടയാനില്ലാതിരുന്ന അവസരം ക്രൊയേഷ്യന്‍ താരം അനായാസം വിനിയോഗിച്ചു. അതേസമയം, ഗ്രൂപ്പ് എച്ചില്‍ മാഞ്ചസ്റ്റര്‍ യുണെെറ്റ‍ഡ് യംഗ് ബോയ്‍സിനെതിരെ അവസാന നിമിഷം പിറന്ന ഗോളിന് രക്ഷപ്പെട്ടു. താരതമ്യേന കുഞ്ഞന്മാരായ എതിരാളികളാണെങ്കിലും മാഞ്ചസ്റ്ററിനെതിരെ മിന്നുന്ന ചെറുത്തു നില്‍പ്പാണ് യംഗ് ബോയ്‍സ് നടത്തിയത്.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മൗറോ ഫെല്ലാനിയാണ് ചുവന്ന ചെകുത്താന്മാരെ രക്ഷിച്ചത്. ഗ്രൂപ്പില്‍ യുവന്‍റസിന് പിന്നില്‍ രണ്ടാമതാണ് മാഞ്ചസ്റ്റര്‍. ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി.

ആര്യന്‍ റോബന്‍ (13,30), റോബര്‍ട്ട് ലെവന്‍ഡോവസ്കി (36,51) ഫ്രാങ്ക് റിബറി (76) എന്നിവരാണ് ഗോളുകള്‍ നേടിയത്. ജെഡ്സണ്‍ ഫെര്‍ണാണ്ടസ് (46) ആണ് ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍, ഗ്രൂപ്പ് എഫില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ലയോണ്‍ സമനിലയില്‍ കുരുക്കി.

രണ്ട് വട്ടം മുന്നിലെത്തിയ ലയോണ്‍ അട്ടിമറി ഭീഷണികള്‍ മുഴക്കിയെങ്കിലും ഒരുവിധം സമനിലയുമായി ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ തടിതപ്പി. ഇന്നും പ്രമുഖ ടീമുകൾക്ക് ചാമ്പ്യന്‍സ് ലീഗില്‍ മത്സരമുണ്ട്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ
ലിവർപൂൾ, ഫ്രഞ്ച് സംഘം പിഎസ്ജിയെ നേരിടും.

മുഹമ്മദ് സലായുടെയും നെയ്മറുടെയും നേർക്കുനേർ പോരാട്ടമായാണ് ഈ മത്സരം വാഴ്ത്തപ്പെടുന്നത്. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് പിഎസ്‍വി ഐന്തോവനാണ് എതിരാളികൾ. ഇറ്റാലിയൻ ക്ലബായ ഇന്‍റർമിലാൻ ഹാരി കെയ്ന്‍റെ ടോട്ടനത്തെ നേരിടും. രാത്രി ഒന്നരയ്ക്കാണ് എല്ലാ മത്സരങ്ങളും.

Follow Us:
Download App:
  • android
  • ios