നാഗ്‌പുർ: ഇന്ത്യയ്ക്കെതിരായ തോൽവിക്ക് കാരണം ബാറ്റിങ് പരാജയമെന്ന് ശ്രീലങ്കൻ നായകൻ ദിനേഷ് ചാന്ദിമൽ. ആഗ്രഹിച്ചപോലെ ടോസ് നേടി ബാറ്റുചെയ്തെങ്കിലും ആദ്യദിനം തന്നെ എല്ലാം തകിടംമറിഞ്ഞുവെന്ന് മൽസരശേഷം ചാന്ദിമൽ പറഞ്ഞു. ആദ്യ ഇന്നിംഗ്സിലെ മോശം ബാറ്റിങ് എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി. 350ന് മുകളിൽ റണ്‍സ് നേടാനായിരുന്നെങ്കിൽ മൽസരത്തിൽ ശക്തമായി നിലനിൽക്കാമായിരുന്നു. ആദ്യ മൂന്നു ദിവസം ബാറ്റ്‌സ്മാൻമാരെ നന്നായി സഹായിക്കുന്ന പിച്ചായിരുന്നു. ബൗളർമാർ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ ബാറ്റിങ് പരാജയം ബൗളർമാരുടെ അധ്വാനം ഇല്ലാതാക്കിയെന്നും ലങ്കൻ നായകൻ പറഞ്ഞു. നല്ല തുടക്കമുണ്ടെങ്കിൽ മുന്നേറാമായിരുന്നുവെന്ന് മൽസരത്തിന് മുമ്പ് ടീം മീറ്റിങിൽ പറഞ്ഞതാണ്. വ്യക്തമായ ഗെയിം പ്ലാനുമായാണ് നാഗ്‌പുരിലെത്തിയത്. എന്നാൽ ഒന്നും ശരിയായില്ല. ടീമിലെ മുതിർന്ന അംഗമായ എയ്‌ഞ്ചലോ മാത്യൂസ് ഉൾപ്പടെ എല്ലാവരും പരാജയപ്പെട്ടു. ചെറുപ്പക്കാരുടെ സംഘമാണ് ലങ്കൻ ടീം. അവർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോൽവിയിൽനിന്ന് പാഠം പഠിച്ച് ടീം തിരിച്ചുവരുമെന്നും ചാന്ദിമൽ പറഞ്ഞു.