സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് എം.എസ്. ധോണി നയിക്കുന്ന ചെന്നൈ ഫൈനലില്‍ കടന്നത്.
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് പതിനൊന്നാം സീസണില് ആദ്യം ഫൈനലില് പ്രവേശിക്കുന്ന ടീമായി ചെന്നൈ സൂപ്പര് കിങ്സ്. സണ്റൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോല്പ്പിച്ചാണ് എം.എസ്. ധോണി നയിക്കുന്ന ചെന്നൈ ഫൈനലില് കടന്നത്. ഹൈദരാബാദിന് ഇനിയും അവസരമുണ്ട്. രാജസ്ഥാന് റോയല്സും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില് നടക്കുന്ന എലിമിനേറ്റര് മത്സരത്തിലെ വിജയികളെ തോല്പ്പിച്ചാല് ഫൈനലില് കടക്കാം.
140 റണ്സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ ഹൈദരാബാദിന്റെ ബൗളിങ് നിര തുടക്കത്തില് പിടിച്ചുക്കെട്ടുകയായിരുന്നു. എന്നാല് ഫാഫ് ഡു പ്ലെസിസിന്റെ പ്രകടനം നിര്ണായകമായി. ഒരറ്റം തകര്ന്നപ്പോഴും പതറാതെ പിടിച്ചു നിന്ന ഫാഫിന്റെ (42 പന്തില് 67)പ്രകടനമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ഷാര്ദുല് ഠാകുറിന്റെ (5 പന്തില്15) ബാറ്റിങ്ങും നിര്ണായകമായി.
ഷെയ്ന് വാട്സണ് (0), സുരേഷ് റെയ്ന (22), റായുഡു (0), എം.എസ്. ധോണി (9), ഡ്വെയ്ന് ബ്രാവോ (7), ജഡേജ (3), ദീപക് ചാഹര് (10) എന്നിവര്ക്ക് അധികനേരം പിടിച്ച് നില്ക്കാന് സാധിച്ചില്ല. ഹൈദരാബാദിന് വേണ്ടി കൗള്, റാഷിദ്, സന്ദീപ് ശര്മ എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില് 11 റണ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് റണ്ട് വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ ടോസ് നേടിയ ചെന്നൈ നായകന് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിന് ക്ഷണിച്ചു. നിശ്ചിത ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 139 റണ്സാണ് ഹൈദരാബാദ് നേടിയത്. 43 റണ്സ് നേടിയ കാര്ലോസ് ബ്രാത്വെയ്റ്റാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്. ചെന്നൈയുടെ പേസ് ആക്രമണത്തിന് മുന്നില് ഹൈദരാബാദിന്റെ മുന്നിര പാടേ തകര്ന്നു. മത്സരത്തിലെ ആദ്യ പന്തില് തന്നെ ശിഖര് ധവാനെ (0) ദീപക് ചാഹര് മടക്കിയയച്ചു. പിന്നാലെ വിക്കറ്റ് കീപ്പര് ശ്രീവല്സവ് ഗോസ്വാമി (9 പന്തില് 12) ലുങ്കി എന്ഗിഡിക്ക് വിക്കറ്റ് നല്കി മടങ്ങി.
ടീം സ്കോര് 36ല് നില്ക്കെ 24 റണ്സെടുത്ത കെയ്ന് വില്യംസണ് ഷാര്ദുല് ഠാകൂറിന്റെ പന്തില് ധോണിക്ക് ക്യാച്ച് നല്കി. എട്ട് റണ്സ് മാത്രമെടുത്ത മനീഷ് പാണ്ഡയെ രവീന്ദ്ര ജഡേജ സ്വന്തം പന്തില് പിടിച്ച് പുറത്താക്കി. ഷാക്കിബ് അല് ഹസന് (12), യൂസഫ് പഠാന് (24) എന്നിവര്ക്കും അധികനേരം പിടിച്ചു നില്ക്കാന് സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ, ഠാകൂര് എന്നിവര് രണ്ട് വിക്കറ്റ് വീഴ്ത്തി. ചാഹര്, എന്ഗിഡി, ജഡേജ എന്നിവര് ഓരോ വിക്കറ്റ് വീഴ്ത്തി.
