ചെന്നൈ: ഐഎസ്എൽ സീസണിന് മുന്‍പ് ചെന്നൈയിന് തിരിച്ചടി. കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍ ആയ സ്റ്റീവന്‍ മെന്‍ഡോസ ഇക്കുറി കളിക്കില്ല. ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ മെന്‍ഡോസയെ മറക്കാനാകില്ല. കഴിഞ്ഞ ഐഎസ് എല്‍ ഫൈനലില്‍ മരണമുഖത്ത് നിന്ന് ചെന്നൈയിനെ
കിരീടാവകശികളാക്കിയ മെന്‍ഡോസ മാജിക്കും.

സീസണില്‍ ഒരു ഘട്ടത്തില്‍ ഏറ്റവും പിന്നിലായിരുന്ന ചെന്നൈയിനെ ചാമ്പ്യന്മാരാക്കിയതും 13 ഗോളടിച്ച മെന്‍ഡോസയുടെ മികവാണ്. ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവും നേടിയ മെന്‍ഡോസ എന്നാല്‍ ഇക്കുറി ഇന്ത്യയിലേക്കില്ല. മെന്‍ഡോസയെ ഐഎസ്എല്ലിന് വിട്ടുനല്‍കാനാകില്ലെന്ന് കൊളംബിയന്‍ താരത്തിന്റെ
ഇപ്പോഴത്തെ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റി തീരുമാനിച്ചത് ചെന്നൈയിന് തിരിച്ചടിയായി.

അമേരിക്കന്‍ മേജര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്തായ ക്ലബ്ബിന്റെ നിലപാട് മെന്‍ഡോസയും അംഗീകരിച്ചു. അതേസമയം, നൈാജീരിയന്‍ താരമായ ഡുഡു ഒബാഗ്ബെമിയെ ഗോവയില്‍ നിന്ന് റാഞ്ചാന്‍ കഴിഞ്ഞത് മറ്റെരാസിക്ക് നേട്ടമാകും. ആദ്യ സീസണില്‍ പൂനെക്കായി കളിച്ച ഡുഡു കഴിഞ്ഞ വര്‍ഷം
ഗോയ്ക്കായി 7 കളിയിൽ നാലു ഗോള്‍ നേടിയിരുന്നു. അടുത്ത മാസം ഒന്നിന് തുടങ്ങുന്ന ഐഎസ്എല്‍ മൂന്നാം സീസണില്‍ ചെന്നൈയിന്റെ ആദ്യ മത്സരം ഒക്ടോബര്‍ രണ്ടിനാണ്.