നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികളായ പിഎസ്‌ജി ടോറസിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതിനിടിയാണ് ബാഴ്സ താരത്തിന്‍റെ പ്രതികരണം.
ബാഴ്‌സലോണ: പി എസ് ജിയിലേക്ക് കൂടുമാറിയേക്കുമെന്ന തരത്തില്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഭാവി കാര്യങ്ങളിൽ പ്രതികരിച്ച് സ്പെയിനിന്‍റെ ലോകകപ്പ് ഹീറോയും ബാഴ്സലോണ താരവുമായ ഫെറാന്‍ ടോറസ്. ഫുട്ബോളിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്നും താൻ ക്ലബ്ബിൽ തുടരണമെങ്കിൽ ബാഴ്‌സലോണ പുതിയ കരാർ ചർച്ചകൾ ആരംഭിക്കണമെന്നുമാണ് ടോറസിന്‍റെ നിലപാട്. ലോകകപ്പ് ഫൈനലിൽ അർജന്‍റീനയ്ക്കെതിരെ അധികസമയത്ത് വിന്നിംഗ് ഗോൾ നേടി സ്‌പെയിന് കിരീടം സമ്മാനിച്ചതിന് പിന്നാലെ 26-കാരനായ ടോറസിന്‍റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു.
നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികളായ പിഎസ്‌ജി ടോറസിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതിനിടിയാണ് ബാഴ്സ താരത്തിന്‍റെ പ്രതികരണം. സ്പാനിഷ് ദേശീയ ടീമിൽ ടോറസിനെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള പിഎസ്‌ജി പരിശീലകൻ ലൂയിസ് എന്‍റിക്കെയാണ് താരത്തെ പാരീസിലെത്തിക്കാൻ മുൻകൈ എടുക്കുന്നത്. ബാഴ്‌സലോണയുമായി കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ട്രാൻസ്ഫർ സാധ്യതകൾ പൂർണ്ണമായി തള്ളിക്കളയാൻ ടോറസ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എനിക്ക് ബാഴ്‌സലോണയിൽ കരാറുണ്ട്, എന്നാൽ ഫുട്ബോളിൽ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ശരിയായ തീരുമാനമെടുക്കാൻ ഞാൻ കാത്തിരിക്കുകയാണ്, എന്നാൽ നിലവിൽ എനിക്ക് കാര്യങ്ങളിൽ വ്യക്തതയില്ല- എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ടോറസ് പറഞ്ഞു. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ തനിക്കായി താൽപ്പര്യം കാണിക്കുന്നത് സന്തോഷകരമാണെന്നും എന്നാൽ സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിലവിലെ കരാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോബർട്ട് ലെവൻഡോവ്സ്കി ക്ലബ്ബ് വിട്ടതോടെ മുന്നേറ്റനിരയിൽ ശക്തനായ ഒരു 'നമ്പർ 9' സ്‌ട്രൈക്കറെ ബാഴ്‌സലോണ തിരയുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ അർജന്‍റീനിയൻ താരം ഹൂലിയൻ അൽവാരസിനായി ശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോ താരത്തെ വിട്ടുനൽകാൻ തയ്യാറായില്ല. ഇതോടെ നിലവിലെ സാഹചര്യത്തിൽ ഫെറാൻ ടോറസിനെ പ്രൈം സ്‌ട്രൈക്കറാക്കി മുന്നോട്ടുപോകാനാണ് ബാഴ്‌സ മാനേജ്‌മെന്‍റ് പദ്ധതിയിടുന്നത്. എന്നാൽ ക്ലബ്ബിൽ തുടരാൻ ബാഴ്‌സലോണ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് ടോറസ് നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. അവർക്ക് എന്നെ വേണമെന്ന് പ്രവൃത്തിയിൽ തെളിയിക്കണം. മാനേജ്‌മെന്‍റ് എന്നോട് പുതിയ കരാർ ചർച്ചകൾക്കായി മുന്നോട്ട് വരണമെന്നായിരുന്നു ടോറസിന്‍റെ പ്രതികരണം. ഇക്കാര്യത്തില്‍ ബാഴ്സ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
