ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ ചേതേശ്വര്‍ പൂജാര ഇത്ര കഷ്ടപ്പെട്ട് കുടിച്ചത് എന്തായാരിക്കുമെന്ന ചര്‍ച്ചയിലായിരുന്നു ക്രിക്കറ്റ് ലോകം. പൂജാര കുടിച്ചത് വെറും വെള്ളമല്ല, പിക്കിള്‍ ജ്യൂസ് ആണെന്നാണ് പുതിയ വിശദീകരണം.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ ചേതേശ്വര്‍ പൂജാര ഇത്ര കഷ്ടപ്പെട്ട് കുടിച്ചത് എന്തായാരിക്കുമെന്ന ചര്‍ച്ചയിലായിരുന്നു ക്രിക്കറ്റ് ലോകം. പൂജാര കുടിച്ചത് വെറും വെള്ളമല്ല, പിക്കിള്‍ ജ്യൂസ് ആണെന്നാണ് പുതിയ വിശദീകരണം. ബാറ്റിംഗിനിടെ പേശിവലിവ് അനുഭവപ്പെടാതിരിക്കാനാണ് പിക്കിള്‍ ജ്യൂസ് കുടിക്കുന്നത്. പൂജാര കഷ്ടപ്പെട്ട് പിക്കിള്‍ ജ്യൂസ് കുടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

പിക്കിള്‍ ജ്യൂസ് പേശിവലിവ് വരാതിരിക്കാന്‍ ഉത്തമമാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി കായികതാരങ്ങള്‍ വര്‍ക്കൗട്ടിനുശേഷവും മത്സരങ്ങള്‍ക്ക് മുന്നോടിയായും പിക്കിള്‍ ജ്യൂസ് സ്ഥിരമായി കുടിക്കാറുണ്ട്. പിക്കിള്‍ ജ്യൂസില്‍ സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിലെ ഇലക്ട്രോലൈറ്റുകള്‍ പേശികള്‍ അയയുന്നതിനും തളര്‍ച്ച മാറുന്നതിനും ഉപകാരപ്രദമാണ്.

Scroll to load tweet…

മാത്രമല്ല, കുടിച്ച് ഒരു മിനിട്ടിനുള്ളില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നതും പിക്കിള്‍ ജ്യൂസിന്റെ ഗുണമാണ്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് താഴാതെ നോക്കുന്നത് പേശിവലിവ് പോലുള്ള കാര്യങ്ങള്‍ ഒരുപരിധിവരെ അകറ്റി നിര്‍ത്തുകയും ചെയ്യും. ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ 123 റണ്‍സടിച്ച പൂജാര രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സടിച്ച് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായിരുന്നു.