ബംഗലൂരു: റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണ‍ര്‍ ക്രിസ് ഗെയ്ല്‍ ഐപിഎല്ലിലെ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കില്ല. ഗെയ്ല്‍ ഇന്നലെ നാട്ടിലേക്ക് മടങ്ങി. ഗെയ്‍ലിനും പങ്കാളി നടാഷയ്‌ക്കും ആദ്യ കുഞ്ഞ് പിറക്കുന്നതിനാലാണ് വിന്‍ഡീസ് താരം നാട്ടിലേക്ക് മടങ്ങിയത്. നാളെ മുംബൈ ഇന്ത്യന്‍സിനെതിരെയും വെള്ളിയാഴ്ച പൂനെ സൂപ്പര്‍ ജയന്റ്സിന് എതിരെയുമാണ് ബാംഗ്ലൂരിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍.

ആദ്യ രണ്ട് കളികളില്‍ നിന്ന് ഗെയ്‍ലിന് ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ഗെയില്‍ ടൂര്‍ണമെന്‍റില്‍ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ മറുപടി. കഴിഞ്ഞ ട്വന്‍റി20 ലോകക്കപ്പില്‍ ഇംഗ്ലണ്ടിനെതിരെ 47 പന്തില്‍ സെഞ്ചറി നേടിയ ശേഷം ഗെയില്‍ ഇതുവരെ ടി20യില്‍ ഇരട്ട അക്കം കണ്ടിട്ടില്ല.

84 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 3200 റണ്‍സ് നേടിയ താരമാണ് ഗെയില്‍. ഇതില്‍ 2737 റണ്‍സും നേടിയത് റോയല്‍ ചലഞ്ചേഴ്സ് ജേഴ്സിയിലാണ്. ഇതില്‍ അഞ്ച് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 2013 ല്‍ 66 പന്തില്‍ നിന്നും പൂനെയ്ക്കെതിരെ നേടിയ 175 റണ്‍സ് നോട്ട്ഔട്ട് ഐപിഎല്ലിലെ തന്നെ ഉയര്‍ന്ന സ്കോറാണ്.