ലണ്ടന്‍: ഒരിടവേളയ്ക്കുശേഷം വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ ക്രിസ് ഗെയ്ല്‍ ടീമിനെ ജയിപ്പിച്ചതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി-20യില്‍ 100 സിക്സറുകളെന്ന അപൂര്‍വ റെക്കോര്‍ഡാണ് ഗെയ്ല്‍ സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മൂന്ന് സിക്സറടക്കം 21 പന്തില്‍ 40 റണ്‍സാണ് ഗെയ്ല്‍ അടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഗെയ്‌ലിന്റെയും ലൂയിസിന്റെയും(28 പന്തില്‍ 51) ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ 155 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. 17 പന്തില്‍ 43 റണ്‍സടിച്ച അലക്സ് ഹെയില്‍സും 30 റണ്‍സെടുത്ത ജോസ് ബട്‌ലറും 27 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും മാത്രമെ ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയുള്ളു. വിന്‍ഡീസിനായി ബ്രാത്ത്‌വെയ്റ്റും വില്യംസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി