ചെല്‍സി: അമേരിക്കന്‍ യുവതാരം ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ 64 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിച്ച് ചെല്‍സി. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് 20കാരനായ താരത്തെ ഇംഗ്ലീഷ് ക്ലബ് റാഞ്ചിയത്. എന്നാല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ലോണില്‍ ബൊറൂസിയയില്‍ താരം കളിക്കും.

കൗമാരക്കാരനായി ജര്‍മനിയിലെത്തിയ പുലിസിച്ച് 80ലേറെ മത്സരങ്ങള്‍ ബൊറൂസിയയില്‍ കളിച്ചു. ഈ സീസണില്‍ ഡോര്‍ട്ട്മുണ്ടിനായി 17 മത്സരങ്ങളില്‍ പുലിസിച്ച് കളിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഡോര്‍ട്ട്മുണ്ടുമായി കരാര്‍ പുതുക്കാന്‍ താരം തയ്യാറായിരുന്നില്ല.

ഇതിഹാസ ക്ലബില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനമാണെന്ന് പുലിസിച്ച് ചെല്‍സി വെബ്സൈറ്റിനോട് പ്രതികരിച്ചു. ലോകോത്തര താരങ്ങള്‍ക്കൊപ്പം ക്ലബിനായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഠിനപ്രയത്നം ചെയ്യുമെന്നും പുലിസിച്ച് പറഞ്ഞു. ദേശീയ ടീമില്‍ 23 മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.