ബംഗളൂരു: ഏജീസ് ഓഫീസിലെ ജോലി വിവാദങ്ങള്‍ക്കിടെ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ നേടിയ ഇരട്ടഗോള്‍ ചിലര്‍ക്കുളള മറുപടിയാണെന്ന് ഫുട്‌ബോള്‍ താരം സി കെ വിനീത്. ജോലി നഷ്ടമായ സംഭവത്തില്‍ ഏജീസ് ഓഫീസിനോട് വിശദീകരണം തേടിയ കായിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതീക്ഷയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ സ്വീകരിക്കുമെന്നും വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏജീസ് ഓഫീസിന്റേത് അന്യായ നടപടിയാണെന്ന് പറയുന്ന വിനീതിന് ഫുട്‌ബോള്‍ കളിച്ചതിന്റെ പേരില്‍ തനിക്കുണ്ടായ നഷ്ടത്തില്‍ ആശങ്കയുണ്ട്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷം. മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും വിനീത് പറഞ്ഞു ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം വിനീതിന്റെ ആദ്യ മത്സരമായിരുന്നു ഫെഡറേഷന്‍ കപ്പ് ഫൈനല്‍.മോഹന്‍ ബഗാനെതിരെ ബംഗളൂരു എഫ്‌സിക്ക് വിജയമൊരുക്കിയ ഇരട്ടഗോള്‍ വിനീതിന് മധുരമുളളതാണ്.
