കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് മുകളില്‍ ഗോള്‍മഴ പെയ്യിക്കാനെത്തിയ ഗോവയെ തളച്ച് സികെ വിനീതിന്‍റെ തകര്‍പ്പന്‍ ഗോള്‍. 29-ാം മിനുറ്റില്‍ സിയാം ഹങ്കലിന്‍റെ പാസില്‍ നിന്ന് വിനീത് മഞ്ഞപ്പടയുടെ സമനില ഗോള്‍ നേടി. ഹങ്കലിന്‍റെ പാസ് അനായാസം ഗോവന്‍ വലയിലേക്ക് വിനീത് പായിച്ചപ്പോള്‍ കൊച്ചിയിലെ മഞ്ഞക്കടല്‍ തിരയാര്‍ത്തു. ഇതോടെ ആദ്യ പകുതി ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

നേരത്തെ ഏഴാം മിനുറ്റില്‍ കോറോയിലൂടെ ഗോവ ആദ്യ ഗോള്‍ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഗോവയുടെ ഗോള്‍. ഇടതുവിങ്ങിലൂടെയുള്ള മന്ദര്‍സിംഗ് റാവുവിന്‍റെ മുന്നേറ്റമാണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ ഉണര്‍ന്നുകളിച്ച ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ വിനീതിലൂടെ ഗോവയ്ക്ക് മറുപടി നല്‍കി.

ഗോവയുടെ ആക്രമണം കണ്ടാണ് കൊച്ചിയിലെ മത്സരത്തിന് അരങ്ങുണര്‍ന്നത്. എന്നാല്‍ പതുക്കെത്തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഗോവ ഗോള്‍ നേടിയതോടെ കളിമാറ്റുകയായിരുന്നു. ഗോവ 75 ശതമാനത്തിലധികം പന്ത് കൈവശം വെച്ചപ്പോള്‍ ഇരു ടീമും ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കൊച്ചിയിലെ രണ്ടാം പകുതിയും ആവേശമാകുമെന്നുറപ്പ്.