കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എന്നാല്‍ ആരാധകര്‍ക്ക് സികെ വിനീത് കൂടിയാണ്. മഞ്ഞപ്പടയില്‍കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരവും വിനീത് തന്നെ. കൊച്ചിയില്‍ വിനീത് കളിക്കുന്നുണ്ടെങ്കില്‍ ആരാധകര്‍ക്ക് അതിലേറെ വലിയത് മറ്റൊന്നില്ല. അതിനാല്‍ സികെ വിനീത് പരിക്കേറ്റും ചുവപ്പ് കാര്‍ഡ് വാങ്ങിയും പുറത്ത് പോകുന്നത് ആരാധകര്‍ക്ക് സഹിക്കാനാകില്ല.
മുംബൈ സിറ്റിയുമായുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് വിനീത് പുറത്തുപോയത് ആരാധകരെ കണ്ണീരിലാഴ്ത്തി. മുംബൈ സിറ്റിക്കെതിരെ ഗോളടിക്കുമെന്ന് വിനീത് നേരത്തെ പറഞ്ഞതിന്റെ ഓര്‍മ്മയിലായിരുന്നു സ്‌റ്റേഡിയം മുഴുവന്‍. 16ാം മിനുറ്റില്‍ മാര്‍ക് സിഫ്‌നോസ് സീസണില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടി. വിങ്ങില്‍ വിനീത് മികച്ച നീക്കങ്ങളിലൂടെ മൈതാനം വാഴുകയും ചെയ്തു.
എന്നാല്‍ മൂന്ന് സൂവര്‍ണ്ണാവസരങ്ങളാണ് വിനീതിന്റെ കാലില്‍ നിന്നും ഊര്‍ന്നു പോയത്. അനായാസം വല കുലുക്കാന്‍ ലഭിച്ച അവസരങ്ങളായിരുന്നു ഇവ. 28 -ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് ഗോളി കൈപ്പിടിയിലൊതുക്കി. 55 -ാം മിനുറ്റിലാകട്ടെ വിനീതിന്റെ ഷോട്ട് മുംബൈ ഗോളിയെ പരീക്ഷിക്കാതെ ബാറിന് മുകളിലൂടെ കടന്നുപോയി.
മത്സരത്തില്‍ കേരളത്തിന് ലഭിച്ച രണ്ട് മഞ്ഞ കാര്‍ഡുകളും സി.കെ. വിനീതിലൂടെയായിരുന്നു. അനാവശ്യ ഫൗളിന് 89 -ാം മിനുറ്റില്‍ റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ വിനീതിന്റെ ഗോള്‍ കാത്തിരുന്നവര്‍ക്ക് നിരാശയായി. ആദ്യ ഗോള്‍ പിറന്ന സന്തോഷത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ആരാധകരെ മൂകരാക്കി വിനീത് മൈതാനം വിട്ടു.
