കൊച്ചി: ഐഎസ്എൽ നാലാം സീസണിൽ കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. ടീമിൽ കൂടുതൽ തദ്ദേശീയ താരങ്ങൾ ടീമിൽ ഇടം പിടിച്ചത് ഇന്ത്യൻ ഫുട്ബോളിന്‍റെ വളർച്ചക്ക് സഹായിക്കുമെന്നും മലയാളി താരം റിനോ ആന്‍റോ പറഞ്ഞു.വെള്ളിയാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത മത്സരം.
5 മാസം നീളുന്ന സീസണിൽ കേരളത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ കപ്പിൽ കുറഞ്ഞതൊന്നും ആരാധകരെ സന്തോഷിപ്പിക്കില്ലെന്ന് താരങ്ങൾക്ക് അറിയാം. പരിശീലനത്തിന് ശേഷം മികച്ച ടീമായി രൂപപ്പെട്ടിട്ടുണ്ടെന്നും വിജയം തന്നെയാണ് ലക്ഷ്യമെന്നും മലയാളി താരം സി കെ വിനീത് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ അസി. കോച്ചായിരുന്ന റെനി മ്യൂലൻസ്റ്റിന്‍റെ കീഴിൽ മികച്ച പരിശീലനമാണ് ടീമിന് ലഭിച്ചതെന്നും പാസുകൾ കുറച്ച് കളിയുടെ വേഗത കൂട്ടാനാണ് ശ്രമമെന്നും സി കെ വിനീത് വ്യക്തമാക്കി.
അവസാന പതിനൊന്നിൽ ആറ് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ചത് ഇന്ത്യൻ ഫുട്ബോളിന്‍റെ വളർച്ചക്കായി സഹായിക്കുമെന്ന് മലയാളി താരം റിനോ ആന്‍റോ പറയുന്നു. വെള്ളിയാഴ്ച മത്സരം നടക്കാനിരിക്കെ ബ്ലാസ്റ്റേഴ്സിന്‍റെ ഫാൻസ് ക്ലബ്ബുകൾ തമ്മിൽ ആരോഗ്യകരമായ മത്സരമാണ് വേണ്ടതെന്നും താരങ്ങൾ ഓർമിപ്പിച്ചു.
