ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ മുന്നേറ്റം. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ നേടിയ അഞ്ചു ഗോളുകളും ഫീല്‍ഡ് ഗോളുകളായിരുന്നു. പതിനഞ്ചാം മിനിട്ടില്‍ ആകാശ്ദീപ് സിംഗിലൂടെയാണ് ഇന്ത്യ സ്കോറിംഗ് തുടങ്ങിയത്. ഹര്‍മന്‍പ്രീത്(19), എസ് കെ ഉത്തപ്പ(24), ഗുര്‍ജന്ത് സിംഗ്(33), എസ്.വി.സുനില്‍(40), സര്‍ദാര്‍ സിംഗ്(60) എന്നിവരായിരുന്നു ഇന്ത്യയുടെ സ്കോറര്‍മാര്‍. റാസി റഹിം(50), റമദാന്‍ റോസ്‌ലി(59)എന്നിവരാണ് മലേഷ്യയുടെ ആശ്വാസ ഗോളുകള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ മലേഷ്യയുടെ ആദ്യ തോല്‍വിയാണിത്. അസ്‌ലന്‍ ഷാ ഹോക്കിയിലും(0-1), ഹോക്കി വേള്‍ഡ് ലീഗിലും(2-3) മലേഷ്യയോടേറ്റ തോല്‍വികള്‍ക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം. ജയത്തോടെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി. കഴിഞ്ഞ ദിവസം കൊറിയയുമായി ഇന്ത്യ സമനിലയില്‍(1-1) പിരഞ്ഞിരുന്നു.

മത്സരത്തില്‍ മലേഷ്യക്ക് എട്ട് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒരെണ്ണം മാത്രമേ ഗോളാക്കി മാറ്റാനായുള്ളു. ശനിയാഴ്ച് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ കൊറിയയെ സമനിലയില്‍(1-1) തളച്ചിരുന്നു.