ആരാധകനെതിരായ വിവാദ പരാമർശത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ വിനോദ് റായ് സമിതി താക്കീതു ചെയ്‌തെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ. ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് കോലി എങ്കില്‍ താങ്കള്‍ ഈ രാജ്യത്ത് ജീവിക്കേണ്ടയാളല്ല എന്ന് പറഞ്ഞ സംഭവത്തിലാണ് കോലിയെ താക്കീത് ചെയ്തുവെന്ന് 'മുംബൈ മിററര്‍' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ: ആരാധകനെതിരായ വിവാദ പരാമർശത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ വിനോദ് റായ് സമിതി താക്കീതു ചെയ്‌തെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ. ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് കോലി എങ്കില്‍ താങ്കള്‍ ഈ രാജ്യത്ത് ജീവിക്കേണ്ടയാളല്ല എന്ന് പറഞ്ഞ സംഭവത്തിലാണ് കോലിയെ താക്കീത് ചെയ്തുവെന്ന് 'മുംബൈ മിററര്‍' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

കോലിയോട് ക്യാപ്റ്റന് ചേര്‍ന്ന രീതിയില്‍ മാന്യമായി പെരുമാറണമെന്നും ബിസിസിഐ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ബിസിസിഐ ഇക്കാര്യം നിഷേധിച്ചത്. ടീം മാനേജ്‌മെന്റുമായി ആലോചിച്ചശേഷമാണ് വിരാട് കോലിയെ താക്കീത് ചെയ്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബിസിസിഐ വാര്‍ത്താക്കുറിപ്പിറക്കിയത്. അതേസമയം, വിശദീകരണം നല്‍കിയ ആളുടെ പേരോ ഒപ്പോ വാര്‍ത്താക്കുറിപ്പില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

തന്റെ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന വേളയില്‍ ആരാധകരുമായി നടത്തിയ വീഡിയോ സംവാദത്തിനിടെയാണ് കോലി വിവാദ പരമാര്‍ശം നടത്തിയത്. തുടര്‍ന്ന് കായികരംഗത്തെ നിരവധി പ്രമുഖര്‍ കോലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.