ദില്ലി: ഐസിസിയിലെ ഇന്ത്യന്‍ പ്രതിനിധി ആകാന്‍ എന്‍ ശ്രീനിവാസന് യോഗ്യതയില്ലെന്ന് വിനോദ് റായ് സമിതി. സുപ്രീംകോടതി അനുമതിയില്ലാതെ നാളത്തെ ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന് പങ്കെടുക്കാനാകില്ലെന്നും വിനോദ് റായ് വ്യക്തമാക്കി. ബിസിസിഐയുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും പ്രാപ്തനെന്ന വിലയിരുത്തലിലാണ് എന്‍ ശ്രീനിവാസനെ ഐസിസിയിലേക്ക് അയക്കാന്‍ സംസഥാന അസോസിയേഷനുകള്‍ക്കിടയില്‍ ധാരണയായത്.

ഐപിഎല്‍ ഉദ്ഘാടന ദിവസം രഹസ്യമായി ഹൈദരാബാദിലെത്തിയ ശ്രീനിവാസന്‍ ബിസിസിഐ ഭാരവാഹികളുമായി കൂടിക്കാഴ്ച നവടത്തുകയും ഐസിസിയിലേക്ക് പോകാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍ ബിസിസിഐ നേതൃത്വത്തിന്റെ ഈ നീക്കം വിനോദ് റായി അധ്യക്ഷനായ ഇടക്കാല സമിതിക്ക് രസിച്ചിട്ടില്ല.

72കാരനായ ശ്രീനിവാസന്‍ ബിസിസിഐ ഭാരവാഹിത്വത്തിനുള്ള പ്രായപരിധി പിന്നിട്ടയാളാണ്. ബിസിസിഐയിലും സംസ്ഥാന അസോസിയേഷനുകളിലും ഒമ്പത് വര്‍ഷത്തിലധികം നേതൃപദവികളിലും ഇരുന്നു.ലോധാ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തവര്‍ പദവി ഒഴിയണമെന്ന സുപ്രീം കോടതി നിര്‍‍ദേശം തള്ളി തമിഴ്മനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ് ശ്രീനിവാസന്‍.

ഈ കാരണങ്ങളാല്‍ സുപ്രീംകോടതി അനുമതിയില്ലാതെ ശ്രിനിവാസന് ഐസിസിയിലെ ഇന്ത്യന്‍ പ്രതിനിധിയാകാന്‍ കഴിയില്ലെന്ന നിലപാടിലാണ് വിനോദ് റായ്. നാളത്തെ ബിസിസിഐ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശ്രീനിവാസനെ വിനോദ് റായ് വിലക്കുകയും ചെയ്തു. ഐസിസി പ്രതിനിധിയാകാന്‍ ലോധാ സമിതി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് ഔദ്യോഗിക പക്ഷം വാദിക്കുന്നുണ്ടെങ്കിലും കോടതിയുടെ അനുമതി കിട്ടുമോയെന്ന് ഉറപ്പില്ല. അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി, വിക്രം ലിമായെ എന്നിവരെ ഐസിസിയിലെ ഇന്ത്യന്‍ പ്രതിനിധികളായി ഫെബ്രുവരിയില്‍ സുപ്രീംകോടതി അംഗീകരിച്ചിരുന്നു.